പഞ്ചാബും രാജസ്ഥാനും യുപി സര്‍ക്കാരിനെ പോലെയല്ല; അവരാരും ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തില്ല;  ബിജെപിക്ക് മറുപടിയുമായി രാഹുല്‍

പഞ്ചാബും രാജസ്ഥാനും യുപി സര്‍ക്കാരിനെ പോലെയല്ല; അവരാരും ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തില്ല;  ബിജെപിക്ക് മറുപടിയുമായി രാഹുല്‍

ന്യൂഡല്‍ഹി: പഞ്ചാബില്‍ ആറുവയസ്സുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെ തനിക്ക് നേരെ ബിജെപി ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ യുപിയിലേത് പോലെയല്ലെന്നും അവര്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പറയില്ലെന്നും രാഹുല്‍ പറഞ്ഞു. 

' യുപിയെ പോലെയല്ല, പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ പീഡനം നടന്നിട്ടില്ലെന്ന് പറയില്ല. അവളുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ ഉറപ്പായും അങ്ങോട്ടേക്ക് പോയി നീതിക്കായി പോരാടും'-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ട് ഇതുവരെ പഞ്ചാബിലേക്ക് പോയില്ല എന്നായിരുന്നു ബിജെപി വിമര്‍ശനം. 

ഉത്തര്‍പ്രദേശിലേക്ക് രാഷ്ട്രീയ യാത്ര നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പഞ്ചാബില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ എവിടെയാണ് എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ചോദിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം നോക്കിയാണ് വിഷയങ്ങളില്‍ ഇടപെടുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ നേതാക്കള്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനെപ്പറ്റി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ താമസിക്കുന്ന ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയുടെ മകളെയാണ് പീഡിപ്പിച്ചു കൊന്ന് കത്തിച്ചത്. സംഭവത്തില്‍ ഗുര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്‌സോ വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.പ്രതികളുടെ വീട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

പെണ്‍കുട്ടിയെ ഗുര്‍പ്രീത് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com