മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ; തെരഞ്ഞെടുപ്പ് കമ്മീഷന് വിമര്‍ശനം

തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ; തെരഞ്ഞെടുപ്പ് കമ്മീഷന് വിമര്‍ശനം


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂട്ടംകൂടിയുള്ള പ്രചാരണ റാലികള്‍ നിരോധിച്ച് ഒക്ടോബര്‍ 20ന് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തത്.

ഹൈക്കോടതി ഉത്തരവിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസപ്പെടുത്തുമെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം തെരഞ്ഞെടുപ്പ് റാലികളില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഇടപെടാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിമര്‍ശിച്ചു. റാലികളില്‍ കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കമ്മീഷന്‍ ശ്രമിച്ചിരുന്നെങ്കില്‍ മധ്യപ്രദേശ് ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടില്ലായിരുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

പൊതുയോഗങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് ലംഘിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടു.

വിര്‍ച്വലായി മാത്രം പ്രചാരണം നടത്താനായിരുന്നു നേരത്തെ ഹൈക്കോടതിയുടെ നിര്‍ദേശം. ഇത് സാധ്യമാല്ലാത്ത സാഹചര്യത്തില്‍ മാത്രം കര്‍ശന വ്യവസ്ഥകളോടെ റാലികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് അനുമതി നല്‍കാം. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നുമാണ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന് പുറമേ രണ്ട് ബിജെപി സ്ഥാനാര്‍ഥികളും ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഏഴ് ദിവസം നഷ്ടപ്പെട്ടതിനാല്‍ പ്രചാരണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിശോധിക്കാന്‍ കോടതിതെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.മധ്യപ്രദേശില്‍ നവംബര്‍ മൂന്നിനാണ് 28 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com