ചൈനയെയും പാകിസ്ഥാനെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തെ അടിമുടി പരിഷ്‌കരിക്കുന്നു; അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളായി വിഭജിക്കും, അമേരിക്കന്‍ 'മാതൃക' 

ഇന്ത്യന്‍ സൈന്യത്തെ അടിമുടി പരിഷ്‌കരിച്ച് അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
ചൈനയെയും പാകിസ്ഥാനെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തെ അടിമുടി പരിഷ്‌കരിക്കുന്നു; അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളായി വിഭജിക്കും, അമേരിക്കന്‍ 'മാതൃക' 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അടിമുടി പരിഷ്‌കരിച്ച് അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനമേഖല നിര്‍വചിച്ചും സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചും കാര്യക്ഷമമായ പ്രവര്‍ത്തനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യത്തെ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അമേരിക്കയിലെയും ചൈനയിലെയും സംവിധാനങ്ങളുടെ മാതൃകയില്‍ 2022 ഓടേ ഇത് യാഥാര്‍ത്ഥ്യമാക്കാനുളള നടപടികളാണ് പുരോഗമിക്കുന്നത്.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികകാര്യ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിമാരെയും ജോയിന്റ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തും. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചൈനയെ ഉദ്ദേശിച്ച് കൊണ്ടുളള വടക്കന്‍ കമാന്‍ഡ്, പാകിസ്ഥാനെ ഉദ്ദേശിച്ച് കൊണ്ടുളള പടിഞ്ഞാറന്‍ കമാന്‍ഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ സൈന്യത്തെ പരിഷ്‌കരിക്കുന്നതിന് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ചൈനയുമായുളള യഥാര്‍ത്ഥ നിയന്ത്രണരേഖ ഉള്‍പ്പെടുന്ന ഈ കമാന്‍ഡിന്റെ കേന്ദ്രം ലക്‌നൗ ആയിരിക്കും.  ലഡാക്കിലെ കാറക്കോറം പാസ് മുതല്‍ അരുണാചല്‍ പ്രദേശിലെ കിബിതു വരെയുളള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമായിരിക്കും വടക്കന്‍ കമാന്‍ഡിന്റെ കീഴില്‍ വരിക.

സിയാച്ചിനിലെ ഇന്ദിര കോള്‍ മുതല്‍ ഗുജറാത്ത് മുനമ്പ് വരെയായിരിക്കും പടിഞ്ഞാറന്‍ കമാന്‍ഡിന്റെ പരിധിയില്‍ വരിക. ജയ്പൂര്‍ ആയിരിക്കും ഇതിന്റെ തലസ്ഥാനം. മൂന്നാമത്തെ കമാന്‍ഡ് ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയിലായിരിക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇതെന്നാണ് സൂചന. നാലാമത്തേത് വ്യോമ പ്രതിരോധ കമാന്‍ഡും അഞ്ചാമത്തേത് നാവിക കമാന്‍ഡും ആയിരിക്കും.

ഇന്ത്യയുടെ വ്യോമമേഖലയുടെ സംരക്ഷണം മുഴുവന്‍ വ്യോമ പ്രതിരോധ കമാന്‍ഡിന്റെ കീഴില്‍ വരും. എല്ലാവിധ വിമാനവേധ മിസൈലുകള്‍ സജ്ജീകരിച്ച് കൊണ്ട് വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് പ്രതിരോധം തീര്‍ക്കുക.യുദ്ധ സാഹചര്യങ്ങളില്‍ മൂന്ന് സേനകളുടെയും വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിന് തിയേറ്റര്‍ കമാന്‍ഡുകള്‍ വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com