'എന്നെ ആരും മോമോസ് കഴിക്കാന്‍ ക്ഷണിച്ചില്ല...'; തെരുവ് കച്ചവടക്കാരോട് പ്രധാനമന്ത്രിയുടെ പരിഭവം!

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ തെരുവ് കച്ചവടക്കാര്‍ക്കായുള്ള പ്രധാനമന്ത്രി സ്വനിധി സ്‌കീം വഴിയുള്ള വായ്പ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു
'എന്നെ ആരും മോമോസ് കഴിക്കാന്‍ ക്ഷണിച്ചില്ല...'; തെരുവ് കച്ചവടക്കാരോട് പ്രധാനമന്ത്രിയുടെ പരിഭവം!


ന്യൂഡല്‍ഹി: 'വാരണാസിയില്‍ മോമോസ് വളരെ പ്രസിദ്ധമാണെന്ന് എനിക്ക് അറിയാമെങ്കിലും ആരും എന്നെ മോമോസ് കഴിക്കാന്‍ ക്ഷണിച്ചിട്ടില്ല...' വാരണാസിയിലെ തെരുവ് കച്ചവടക്കാരനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭവം പറഞ്ഞു. ഉത്തര്‍പ്രദേശിലെ തെരുവ് കച്ചവടക്കാരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നിങ്ങളുടെ കച്ചവടം എങ്ങനെ പോകുന്നു? ലോണ്‍ ലഭിക്കാനായി നിങ്ങള്‍ എത്ര ഓഫീസര്‍മാരെ സമീപിച്ചു? ഇപ്പോള്‍ ദിവസേന നിങ്ങള്‍ എത്രരൂപയാണ് സമ്പാദിക്കുന്നത്? പ്രധാനമന്ത്രി കച്ചവടക്കാരോട് ചോദിച്ചു.

'ഞാന്‍ ഈ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു...ഞാന്‍ ഒരു ആദായനികുതി ഉദ്യോഗസ്ഥനല്ല...' പ്രധാനമന്ത്രി തമാശരൂപേണ കൂട്ടിച്ചേര്‍ത്തു. 

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ തെരുവ് കച്ചവടക്കാര്‍ക്കായുള്ള പ്രധാനമന്ത്രി സ്വനിധി സ്‌കീം വഴിയുള്ള വായ്പ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

300,000 തെരുവ് കച്ചവടക്കാര്‍ക്കാണ് വായ്പ വിതരണം ചെയ്യുന്നത്. വായ്പയെടുത്ത തെരുവ് കച്ചവടക്കാര്‍ക്ക് തടസ്സരഹിതമായ സേവനങ്ങള്‍ നല്‍കിയതിന് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി പ്രശംസിച്ചു.

ഈ വായ്പ്പ പലിശ രഹിതമാക്കാന്‍ സാധിക്കുമെന്ന്  നിങ്ങള്‍ക്ക് അറിയാമോ എന്നും അദ്ദേഹം ചോദിച്ചു. കച്ചവട സ്ഥാപനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

'ലോക്ക്ഡൗണ്‍ കാലത്ത് നമ്മുടെ കച്ചവടക്കാര്‍ വല്ലാതെ ബുദ്ധിമുട്ടി. ഇപ്പോള്‍ അവരെ സ്വയം പര്യാപ്തരാക്കുക എന്നത് നമ്മുടെ ലക്ഷ്യമാണ്. പാവപ്പെട്ടവര്‍ക്ക് ബാങ്കിലേക്ക് ചെല്ലാന്‍ ധൈര്യമില്ല. എന്നാല്‍ ഇപ്പോള്‍ ബാങ്കുകള്‍ അവരെ തേടിയെത്തുകയാണ്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com