ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കിടെ സംഘര്‍ഷം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു (വീഡിയോ)

ബിഹാറിലെ മുംഗറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. വിഗ്രഹ നിമജ്ജനത്തിനിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി.
ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കിടെ സംഘര്‍ഷം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു (വീഡിയോ)

പട്‌ന: ബിഹാറിലെ മുംഗറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. വിഗ്രഹ നിമജ്ജനത്തിനിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുംഗര്‍ പൊലീസ് സൂപ്രണ്ട് ലിപി സിങ് പറഞ്ഞു.

അനുരാഗ് പോഡാര്‍ എന്ന പതിനെട്ടുകാരനാണ്മരിച്ചത്. വെടിയേറ്റ് തല പിളര്‍ന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. അതേസമയം. പൂജ ആഘോഷങ്ങള്‍ക്കിടെ ചില സാമൂഹികവിരുദ്ധര്‍ പൊലീസിന് നേരേ കല്ലേറ് നടത്തിയെന്നും ഇതോടെയാണ് ലാത്തിവീശിയതെന്നുമാണ് പൊലീസ് ഭാഷ്യം. സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തിനിടയില്‍നിന്ന് ആരോ വെടിയുതിര്‍ത്തെന്നും പൊലീസ് പറയുന്നു. കല്ലേറില്‍ 20 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ സ്ഥിതിഗതികള്‍ നിലവില്‍ സമാധാനപരമാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. പൊലീസ് ജനങ്ങളെ മര്‍ദിച്ചെന്നത് വ്യാജ പ്രചാരണമാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.സംഭവസ്ഥലത്ത് നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ, വിഗ്രഹവുമായി നില്‍ക്കുന്നവര്‍ക്ക് നേരേ പൊലീസ് ലാത്തിവീശുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസാണ് വെടിവെപ്പ് നടത്തിയതെന്നും ആരോപണങ്ങളുണ്ട്. ബിഹാര്‍ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ചിരാഗ് പാസ്വാന്‍ അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തുകയും ചെയ്തു.

മുംഗര്‍ പോലീസിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എസ്പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും മരിച്ച യുവാവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിതീഷ്‌കുമാറിന്റെ താലിബാന്‍ ഭരണത്തിലാണ് ഭക്തര്‍ക്ക് നേരേ വെടിവെപ്പുണ്ടായതെന്നും ചിരാഗ് പാസ്വാന്‍ ആരോപിച്ചു. എന്നാല്‍ മുംഗറിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമെന്നായിരുന്നു ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ പ്രതികരണം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com