ജെഇഇ മെയ്ന്‍സില്‍ 99.8 ശതമാനം മാര്‍ക്ക്, കോച്ചിങ് സ്ഥാപനത്തിന്റെ ഒത്താശയോടെ ആള്‍മാറാട്ടം; ഡോക്ടര്‍മാരായ രക്ഷിതാക്കള്‍ മുടക്കിയത് ലക്ഷങ്ങള്‍, അന്വേഷണം 

അസമില്‍ എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയായ ജെഇഇ മെയ്ന്‍സില്‍ ആള്‍മാറാട്ടം നടത്തി ഉയര്‍ന്ന മാര്‍ക്ക് നേടി എന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദിസ്പൂര്‍: അസമില്‍ എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയായ ജെഇഇ മെയ്ന്‍സില്‍ ആള്‍മാറാട്ടം നടത്തി ഉയര്‍ന്ന മാര്‍ക്ക് നേടി എന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരീക്ഷയില്‍ വിദ്യാര്‍ത്ഥിക്ക് 99.8 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. വിദ്യാര്‍ത്ഥിയുടെ ഡോക്ടര്‍മാരായ രക്ഷിതാക്കള്‍ സ്വകാര്യ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ലക്ഷങ്ങള്‍ നല്‍കി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് ഒത്താശ ചെയ്തു കൊടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന് ബോര്‍ജര്‍ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്.മറ്റൊരാളെ പരീക്ഷയ്ക്ക് ഇരുത്തി വിദ്യാര്‍ഥി ഉയര്‍ന്ന മാര്‍ക്ക് നേടി എന്ന പരാതിയില്‍ ഒക്ടോബര്‍ 23നാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഇതിനായി രൂപം നല്‍കിയത്. വിദ്യാര്‍ത്ഥി ആള്‍മാറാട്ടം നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

പരീക്ഷയ്്ക്ക് മുന്നോടിയായി ബയോമെട്രിക് സഹായത്തോടെയുളള ഹാജര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥി പരീക്ഷാ ഹാളില്‍ നിന്ന് പുറത്ത് കടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇന്‍വിജിലേറ്ററിന്റെ സഹായത്തോടെയാണ് വിദ്യാര്‍ഥി പുറത്തു കടന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിക്ക് വേണ്ടി മറ്റൊരാള്‍ പരീക്ഷ എഴുതി എന്ന ആരോപണമാണ് പൊലീസ് അന്വേഷിക്കുന്നത്. 

ഫോണ്‍ കോളില്‍ വിദ്യാര്‍ഥി ഇക്കാര്യം സമ്മതിക്കുന്നതാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്. ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ജെഇഇ മെയ്ന്‍സ് പരീക്ഷ നടത്തുന്ന ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. 

സംസ്ഥാനത്തിന് പുറത്തുനിന്നുളള വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതാന്‍ എത്തിയത്. വിദ്യാര്‍ഥിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു അറസ്റ്റ് നടത്തിയിട്ടില്ല എന്ന് ഗുവാഹത്തി അഡീഷണല്‍ ഡിസിപി സുപ്രോടിവ് ലാല്‍ ബറുവ പറഞ്ഞു.വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ഡോക്ടറാണ്. മകനെ ഡോക്ടറാക്കുന്നതിന് സ്വകാര്യ കോച്ചിങ് സ്ഥാപനത്തിന് 20 ലക്ഷത്തോളം രൂപ നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com