ആരോഗ്യസേതു ആപ്പ് ആരുടെ സൃഷ്ടി?; അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, വിശദീകരണം തേടി വിവരാവകാശ കമ്മീഷന്‍

ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതിനെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി
ആരോഗ്യസേതു ആപ്പ് ആരുടെ സൃഷ്ടി?; അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, വിശദീകരണം തേടി വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോടിക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആരോഗ്യസേതു ആപ്പ് ആരാണ് വികസിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം. ആപ്പില്‍ ദേശീയ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററും കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവും ചേര്‍ന്നാണ് വികസിപ്പിച്ചത് എന്ന് പറയുമ്പോഴാണ്, വിവരാവകാശ നിയമം അനുസരിച്ചുളള മറുപടിയില്‍ ഈ ചോദ്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത്. ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതിനെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി.

അധികൃതര്‍ വിവരങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് ദേശീയ വിവരാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. ബന്ധപ്പെട്ടവരോട് നവംബര്‍ 24ന് ഹാജരാകാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചത് ആരാണ് എന്ന് പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു. ആപ്പ് വികസിപ്പിച്ചത് ആരാണ് എന്ന് ചോദിച്ച് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ സൗരവ് ദാസ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com