ഈ പ്രായത്തില്‍ ഇനി വയ്യ; രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല; ഫാന്‍സ് അസോസിയേഷനെ ഉടന്‍ അറിയിക്കുമെന്ന് റിപ്പോര്‍ട്ട്

രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് പറഞ്ഞു. 
ഈ പ്രായത്തില്‍ ഇനി വയ്യ; രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല; ഫാന്‍സ് അസോസിയേഷനെ ഉടന്‍ അറിയിക്കുമെന്ന് റിപ്പോര്‍ട്ട്


ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായാധിക്യവും കോവിഡ് 19ഉം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ താരം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു എന്നാണ് സൂചന. ഇത് സംബന്ധിച്ച് ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് രജനി കുറിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് നടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് പറഞ്ഞു. 

ഇതേസംബന്ധിച്ച് അറിയിപ്പ് ഉടന്‍ ലഭിക്കുമെന്നാണ് വിവരമെന്ന് ആര്‍എംഎം പ്രവര്‍ത്തകര്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ദീപാവലിക്ക് മുന്‍പോ ശേഷമോ അറിയിപ്പ് പ്രതീക്ഷിക്കാമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഫാന്‍സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം താരം അറിയിക്കുമെന്ന് ആര്‍എംഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറി പറഞ്ഞു. 

2017 ഡിസംബര്‍ 31നാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയം അധ്യാത്മികതയിലൂന്നിയത് ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി ഉള്‍പ്പെടയുള്ള പ്രമുഖ പാര്‍ട്ടികള്‍ അദ്ദേഹത്തെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കമലും രജിനയും പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതിന് തുടര്‍ച്ചയുണ്ടായില്ല. 

2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങാന്‍ രജനി തയ്യാറായില്ല. 20201ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നായിരുന്നു നടന്റെ പ്രസ്താവന. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സൂപ്പര്‍ സ്റ്റാര്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com