അച്ഛനെ ഇരുമ്പു വടി കൊണ്ട് അടിച്ചുകൊന്നു, ക്രൈം സീരിയല്‍ മോഡല്‍ തെളിവു നശിപ്പിക്കല്‍, കണ്ടത് നൂറു തവണ; മാസങ്ങള്‍ നീണ്ട അന്വേഷണ കഥ

ഉത്തര്‍പ്രദേശില്‍ അച്ഛനെ കൊന്ന പ്രായപൂര്‍ത്തിയാവാത്ത മകന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ആധാരമാക്കിയത് ആവര്‍ത്തിച്ച് കണ്ട ക്രൈം ടിവി സീരിയല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അച്ഛനെ കൊന്ന പ്രായപൂര്‍ത്തിയാവാത്ത മകന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ആധാരമാക്കിയത് ആവര്‍ത്തിച്ച് കണ്ട ക്രൈം ടിവി സീരിയല്‍. ടിവി സീരിയല്‍ ക്രൈം പട്രോള്‍ നൂറ് തവണ ആവര്‍ത്തിച്ച് കണ്ടതായി പൊലീസ് കണ്ടെത്തി. കൗമാരക്കാരന്റെ മൊബൈലില്‍ നിന്നാണ് അച്ഛന്റെ മരണത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന തുമ്പ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റസമ്മതം നടത്തി. സംഭവത്തില്‍ മകന് കൂട്ടുനിന്ന അമ്മയും അറസ്റ്റിലായി.

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മെയ് രണ്ടിനാണ് 17കാരന്റെ അച്ഛന്‍ മനോജ് മിശ്ര കൊല്ലപ്പെട്ടത്. അച്ഛന്‍ ദേഷ്യപ്പെട്ടതിനായിരുന്നു മകന്റെ പ്രകോപനം. ഇരുമ്പു വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ മനോജ് മിശ്രയെ പിന്നീട് തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന്് പൊലീസ് പറഞ്ഞു. തുടര്‍ന്ന് അമ്മയുടെ സഹായത്തോടെ ഇരുചക്രവാഹനത്തില്‍ വനത്തില്‍ കൊണ്ടുപോയ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ വീടിന്റെ നിലം ടോയ്‌ലെറ്റ് ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയെന്നും പൊലീസ് പറയുന്നു. 

മെയ് മൂന്നിന് വനത്തില്‍ കണ്ട അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ടുളള അന്വേഷണമാണ് വഴിത്തിരിവായത്. മൂന്നാഴ്ചയോളം ആരെയെങ്കിലും കാണാതായി എന്ന് കാണിച്ച് ആരും തന്നെ  പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നില്ല. എന്നാല്‍ ജോലി സ്ഥലത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കാണാതായപ്പോള്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മെയ് 27ന് മനോജ് മിശ്രയുടെ കുടുംബം പൊലീസില്‍ 42കാരനെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കി. മൃതദേഹത്തിന് അരികില്‍ നിന്ന്് ലഭിച്ച കണ്ണട മനോജ് മിശ്ര ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞതോടെ, മൃതദേഹം മനോജ് മിശ്രയുടേതാണെന്ന് ഉറപ്പിച്ച് അന്വേഷണം ആരംഭിച്ചു. 

അന്വേഷണത്തിന്റെ ഭാഗമായി മനോജ് മിശ്രയുടെ മകനെ ചോദ്യം ചെയ്തു. മകന്റെ അസ്വാഭാവികമായ പെരുമാറ്റം പൊലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കേസ് തെളിഞ്ഞത്. ക്രൈം സീരിയലായ ക്രൈം പട്രോള്‍ നൂറ് തവണ പ്ലസ്ടു വിദ്യാര്‍ഥി കണ്ടതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മാസങ്ങള്‍ നീണ്ട കേസന്വേഷണത്തിന് അവസാനമായി. 17കാരന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com