കശ്മീരിൽ മൂന്ന് യുവമോർച്ച പ്രവർത്തകർ വെടിയേറ്റ് മരിച്ച സംഭവം; പിന്നിൽ ലഷ്കർ ഭീകരർ എന്ന് പൊലീസ്

കശ്മീരിൽ മൂന്ന് യുവമോർച്ച പ്രവർത്തകർ വെടിയേറ്റ് മരിച്ച സംഭവം; പിന്നിൽ ലഷ്കർ ഭീകരർ എന്ന് പൊലീസ്
കശ്മീരിൽ മൂന്ന് യുവമോർച്ച പ്രവർത്തകർ വെടിയേറ്റ് മരിച്ച സംഭവം; പിന്നിൽ ലഷ്കർ ഭീകരർ എന്ന് പൊലീസ്

ശ്രീന​ഗർ: ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ മൂന്ന് നേതാക്കളെ ജമ്മു കശ്മീരിലെ കുൽഗാമിൽ വധിച്ച സംഭവത്തിന് പിന്നിൽ ലഷ്‌കർ ഇ തൊയ്ബ ഭീകര സംഘടനയാണെന്ന് പൊലീസ്. യുവമോർച്ച പ്രവർത്തകരായ ഫിദ ഹുസൈൻ, ഉമർ ഹാജാം, ഉമർ റാഷിദ് ബെയ്ഗ് എന്നിവരെയാണ് കശ്മീരിലെ കുൽഗാം ജില്ലയിലെ വൈകെ പോരയിൽ വച്ച് ഭീകരവാദികൾ വ്യാഴാഴ്ച വെടിവച്ചു കൊന്നത്. 

പാകിസ്ഥാന്റെ താത്പര്യ പ്രകാരമാണ് ഭീകരർ കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഒരു വാഹനം പിടിച്ചെടുത്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പിടിഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. 

ലഷ്‌കർ ബന്ധമുള്ള റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിനിടെ, അൽത്താഫ് എന്ന പ്രാദേശിക ഭീകരന്റെ കാറിലെത്തിയാണ് ലഷ്‌കർ സംഘം കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കാറിൽ സഞ്ചരിച്ച യുവമോർച്ച പ്രവർത്തകർക്കു നേരെ സംഘം തുരുതുരാ വെടിയുതിർത്തു. ഗുരുതരമായ പരിക്കേറ്റ മൂന്നു പേരും  ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ഐജി വിജയ് കുമാർ പറഞ്ഞു. 

അൽത്താഫ്  എന്ന പ്രാദേശിക ഭീകരന്റെ സാന്നിധ്യം അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസിന് വ്യക്തമായി. മുൻപ് ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയിൽ പ്രവർത്തിച്ചിരുന്ന അബ്ബാസ് എന്നയാളാണ് അൽത്താഫിനെക്കൂടാതെ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടാമൻ. റസിസ്റ്റൻസ് ഫ്രണ്ട് അംഗമാണെന്ന് അവകാശപ്പെടുന്ന ഇയാൾ ലഷ്‌കർ ഭീകരൻ തന്നെയാണെന്ന് പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ വിദേശ ഭീകരനാകാം എന്നാണ് പൊലീസ് നി​ഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com