ഡോക്ടര്‍ കഫീല്‍ ഖാന്റെ തടങ്കല്‍ നിയമവിരുദ്ധം ; ഉടന്‍ വിട്ടയക്കണം ; ദേശീയ സുരക്ഷാനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി

തടങ്കലില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്ത് ഡോ. കഫീല്‍ ഖാന്റെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി
ഡോക്ടര്‍ കഫീല്‍ ഖാന്റെ തടങ്കല്‍ നിയമവിരുദ്ധം ; ഉടന്‍ വിട്ടയക്കണം ; ദേശീയ സുരക്ഷാനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ പ്രശസ്ത ശിശുരോഗവിദഗ്ധന്‍ ഡോ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഡോ. ഖാനെ ഉടന്‍ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.

തടങ്കലില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്ത് ഡോ. കഫീല്‍ ഖാന്റെ അമ്മ നുഷത്ത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. മഥുര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഡോ. ഖാനെ ഉടന്‍ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. 

അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മകനെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് അമ്മ നുഷത്ത് പര്‍വീണ്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. 

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ 2019 ഡിസംബറില്‍ അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഈ വര്‍ഷം ജനുവരിയിലാണ് മുംബൈയില്‍ നിന്നും ഡോ. കഫീല്‍ ഖാനെ യു പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 10 ന് അലിഗഡ് സിജെഎം കോടതി ജാമ്യം ലഭിച്ചെങ്കിലും ഫെബ്രുവരി 15 ന് ദേശീയ സുരക്ഷാനിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തി ജയിലില്‍ ഇടുകയായിരുന്നു. 

ഡോ. ഖാന്റെ തടങ്കല്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിധിച്ചു. നേരത്തെ ഡോ. ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സൂപ്രിംകോടതിയെ സമീപിച്ചെങ്കിലും, അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com