സ്‌കൂളുകള്‍ തുറക്കണം, സംസ്ഥാനാന്തര യാത്രയ്ക്കുള്ള ക്വാറന്റൈന്‍ ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാര്‍ശ

വാരാന്ത്യ ലോക്ക് ഡൗണ്‍, രാത്രി കാല ലോക്ക് ഡൗണ്‍, ആഭ്യന്തര യാത്രാ വിമാന വിലക്ക്, വലിയ കണ്ടയ്‌മെന്റ് സോണുകള്‍ എന്നിവ കൊണ്ട് എന്തെങ്കിലും ഗുണമുണ്ട് എന്നതിനു തെളിവില്ല
സ്‌കൂളുകള്‍ തുറക്കണം, സംസ്ഥാനാന്തര യാത്രയ്ക്കുള്ള ക്വാറന്റൈന്‍ ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാര്‍ശ

ന്യൂഡല്‍ഹി: കോവിഡിനെ നേരിടുന്നതിന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടംഘട്ടമായി തുറക്കണമെന്നും പൊതു ജനാരോഗ്യ വിദഗ്ധരുടെ ശുപാര്‍ശ. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് പ്രിവന്റിവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് എപ്പിഡെമോളജിസ്റ്റ് എന്നിവര്‍ ചേര്‍ന്നു കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സ്‌കൂളുകള്‍ തുറക്കാനുള്ള ശുപാര്‍ശ.

''കോവിഡിനെ നേരിടുന്നതില്‍ പ്രായോഗിക സമീപനമാണ് വേണ്ടത്. ജനങ്ങളില്‍ നല്ലൊരു പങ്കിനും കോവിഡ് പിടിപെട്ട പ്രദേശങ്ങളില്‍ ഇത്തരം സമീപനത്തിലേക്കു മാറേണ്ടതുണ്ട്. കുറച്ച് ആളുകള്‍ക്കു മാത്രം വൈറസ് ബാധയേറ്റ പ്രദേശങ്ങളില്‍ പോലും സ്‌കൂളുകള്‍ തുറക്കാവുന്നാണ്. സാമൂഹ്യ അകലം, ഒന്നിട വിട്ട ദിവസങ്ങളിലെ ക്ലാസുകള്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നേയുള്ളൂ'' - റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നത് പഠന സംവിധാനത്തെ ആകെ താളം തെറ്റിക്കും. കുട്ടികളുടെ മാനസിക ആരോഗ്യത്തെയും അതു ബാധിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ പഠനം എത്തിപ്പിടിക്കാനാവാത്ത സാമൂഹ്യ, സാമ്പത്തിക ചുറ്റുപാടുകളുള്ള വിദ്യാര്‍ഥികളില്‍ അത് ആഘാതമുണ്ടാക്കും.

കുട്ടികള്‍ വഴി കുടുംബത്തിലെ പ്രായമായവര്‍ക്കു കോവിഡ് പിടിപെടാനുള്ള സാധ്യത, ജോലിക്കു പോവുന്ന മറ്റ് അംഗങ്ങളില്‍നിന്നു പിടിപെടാനുള്ള അത്ര തന്നെയാണ്. അതുകൊണ്ട് അത്തരം ആശങ്കയുടെ പേരില്‍ സ്‌കൂളുകള്‍ തുറക്കാതിരിക്കുന്നതില്‍ കാര്യമില്ല.

കോവിഡിനെ നേരിടാന്‍ ഇനിയും ലോക്ക് ഡൗണ്‍ ഒരു മാര്‍ഗമായി കാണരുത്. കുറഞ്ഞ കാലത്തേക്ക്, ചെറിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. ലോക്ക് ഡൗണിന്റെ ലക്ഷ്യം രോഗവ്യാപനം വൈകിപ്പിക്കുകയാണ്. അതിനെ നേരിടാനുള്ള തയാറെടുപ്പു പരമാവധിയാക്കാനാണ്. ആ ലക്ഷ്യം ഇതിനകം കൈവരിച്ചുകഴിഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാരാന്ത്യ ലോക്ക് ഡൗണ്‍, രാത്രി കാല ലോക്ക് ഡൗണ്‍, ആഭ്യന്തര യാത്രാ വിമാന വിലക്ക്, വലിയ കണ്ടയ്‌മെന്റ് സോണുകള്‍ എന്നിവ കൊണ്ട് എന്തെങ്കിലും ഗുണമുണ്ട് എന്നതിനു തെളിവില്ല. കൂടുതലായി രോഗവ്യാപനം വന്ന നഗരങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതുകൊണ്ടു കാര്യമൊന്നുമില്ല- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഏതാണ്ട് എല്ലാ സംസ്ഥാനത്തും രോഗവ്യാപനം ആയ പശ്ചാത്തലത്തില്‍ സംസ്ഥാനാന്തര യാത്ര നടത്തുന്നവരെ ക്വാറന്റിന്‍ ചെയ്യുന്നതില്‍ യുക്തിയൊന്നുമില്ല. അത് അടിയന്തരമായി അവസാനിപ്പിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com