ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ; കേസുകളില്‍ തീരുമാനം എടുത്തത് മനസ്സാക്ഷിക്ക് അനുസരിച്ചെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

വിധികളെ വിശകലനം ചെയ്യുന്നതിലോ,  വിമര്‍ശിക്കുന്നതിലോ തെറ്റില്ല. എന്നാല്‍ അതിന് പ്രത്യേക നിറം നല്‍കരുതെന്ന് ജസ്റ്റിസ് മിശ്ര
ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ; കേസുകളില്‍ തീരുമാനം എടുത്തത് മനസ്സാക്ഷിക്ക് അനുസരിച്ചെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി : താന്‍ മനസാക്ഷിയ്ക്ക് അനുസരിച്ചാണ് കേസുകളില്‍ തീരുമാനം എടുത്തിരുന്നതെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. തന്റെ വിധികളെ വിശകലനം ചെയ്യുന്നതിലോ,  വിമര്‍ശിക്കുന്നതിലോ തെറ്റില്ല. എന്നാല്‍ അതിന് പ്രത്യേക നിറം നല്‍കരുതെന്ന് ജസ്റ്റിസ് മിശ്ര ആവശ്യപ്പെട്ടു. 

കേസ് പരിഗണിക്കുന്ന വേളകളില്‍ പലപ്പോഴും പരുഷമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഒട്ടേറെ വിവാദ വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചു. 

കീഴ് വഴക്കം അനുസരിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ഒന്നാംനമ്പര്‍ കോടതി മുറിയിലാണ് ഹാജരായത്. സുപ്രീംകോടതിയില്‍ ന്യായാധിപനായി തന്റെ അവസാന ദിനമാണ് ചൊവ്വാഴ്ചയെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന മിശ്ര, രാജസ്ഥാന്‍, കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു. 2014 ലാണ്  ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതി ജഡ്ജിയായി നിയമിതനാകുന്നത്.

സുപ്രീംകോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയും വാര്‍ത്താശ്രദ്ധ നേടിയ മറ്റൊരു ജഡ്ജിയില്ല.ജസ്റ്റിസ് അരുൺ മിശ്ര പുറപ്പെടുവിച്ച 132 വിധികളില്‍ മിക്കതും രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ്. മരടില്‍ തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച നാലു ഫ്ലാറ്റുകള്‍ ഇടിച്ച് നിരപ്പാക്കുന്നതിലേക്ക് നയിച്ച സുപ്രധാന വിധിയിലൂടെയും പതിറ്റാണ്ടുകള്‍ നിലനിന്ന പള്ളിക്കേസില്‍ അന്തിമ തീര്‍പ്പുണ്ടാക്കിയും മലയാളികള്‍ക്കിടയിലും ജസ്റ്റിസ് അരുണ്‍ മിശ്ര സുപരിചിതനാണ്. ഏറ്റവും ഒടുവില്‍ പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് ജസ്റ്റിസ് മിശ്ര പടിയിറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com