ഇന്ത്യയില്‍ പബ്ജി കളിക്കുന്നത് മൂന്ന് കോടിയിലേറെ; പ്രതിദിനം 1.3 കോടി ആളുകള്‍ 

സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജിക്ക് ഇന്ത്യയില്‍ മാത്രം 3.3 കോടി ഉപയോക്താക്കള്‍
ഇന്ത്യയില്‍ പബ്ജി കളിക്കുന്നത് മൂന്ന് കോടിയിലേറെ; പ്രതിദിനം 1.3 കോടി ആളുകള്‍ 

ന്യൂഡല്‍ഹി: സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജിക്ക് ഇന്ത്യയില്‍ മാത്രം 3.3 കോടി ഉപയോക്താക്കള്‍. പ്രതിദിനം ശരാശരി 1.3 കോടി ഉപയോക്താക്കള്‍ പബ്ജി കളിക്കുന്നുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ടിക് ടോക് അടക്കമുളള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കടുത്ത നടപടിയുണ്ടായത്. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ടിക് ടോക് അടക്കമുളള ആപ്പുകള്‍ നിരോധിച്ചപ്പോള്‍ തന്നെ കൂടുതല്‍ ആപ്പുകള്‍ പരിശോധനയിലാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു.

നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കടുത്ത നടപടി സ്വീകരിച്ചത്. ഇത്തരം ആപ്പുകള്‍ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഈ ആപ്പുകള്‍ ഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 

പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഐടി മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവ സുരക്ഷയ്ക്ക് ഭീഷണിയായത് കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും തീരുമാനത്തിന് കാരണമായതായി കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യക്ക് എതിരെയുളള ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് ടിക് ടോക് അടക്കമുളള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. തദ്ദേശീയമായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് നല്‍കിയ വിശദീകരണം. കൂടാതെ നിയന്ത്രണരേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ ശക്തമായിരുന്നു. ഇതും തീരുമാനത്തില്‍ പ്രതിഫലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com