സര്‍ക്കാര്‍ ജീവനക്കാരെ അടിമുടി പരിഷ്‌കരിക്കും; കര്‍മ്മയോഗി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് രൂപം നല്‍കിയ കര്‍മ്മയോഗി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
സര്‍ക്കാര്‍ ജീവനക്കാരെ അടിമുടി പരിഷ്‌കരിക്കും; കര്‍മ്മയോഗി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് രൂപം നല്‍കിയ കര്‍മ്മയോഗി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മാനവവിഭവ ശേഷി വികസന രംഗത്തെ സുപ്രധാന പരിഷ്‌കാരമാണിതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രാവീണ്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുളള കര്‍മ്മയോഗി പദ്ധതി അനുസരിച്ച് എച്ച് ആര്‍ കൗണ്‍സിലിന് രൂപം നല്‍കും. പ്രധാനമന്ത്രി അധ്യക്ഷനായുളള സമിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടും. അക്കാദമിക രംഗത്ത് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖരെയും സമിതിയുടെ ഭാഗമാക്കും.

ജീവനക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന സര്‍ക്കാര്‍ തലത്തിലുളള കാഴ്ചപ്പാടിന് അനുസരിച്ച് ഇവരില്‍ മാറ്റം കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വിവിധ വെല്ലുവിളികള്‍ ഏറ്റെടുത്ത് കഴിവ് തെളിയിക്കാന്‍ പാകത്തിന് ജീവനക്കാരെ രൂപപ്പെടുത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. നൂതനമായ ചിന്തകളും പുരോഗമന ആശയങ്ങളും ക്രിയാത്മകമായി ചിന്തിക്കുന്നവരുമാക്കി മാറ്റുകയാണ് ലക്ഷ്യം. വ്യക്തിപരമായ കഴിവുകളും സ്ഥാപനത്തിന്റെ ശേഷിയും ഉയര്‍ത്തുകയാണ്‌ പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നതെന്നും പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെക്ഷന്‍ ഓഫീസര്‍ മുതല്‍ സെക്രട്ടറിമാര്‍ വരെയുളളവരെ ഉദ്ദേശിച്ചാണ് പദ്ധതി. ഇഷ്ടമുളള മേഖലയില്‍ കഴിവു തെളിയിക്കാനുളള അവസരം നല്‍കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com