ചൈനയുടെ ക്ഷണം സ്വീകരിച്ചു ; രാജ്‌നാഥ് വെയ് ഫെങ്ഗിയെ കാണും ; അതിര്‍ത്തിയിലെ സ്ഥിതി സംഘര്‍ഷഭരിതമെന്ന് കരസേനാ മേധാവി

ഏതു വെല്ലുവിളിയും നേരിടാന്‍ സേന സജ്ജമാണെന്ന് കരസേനാ മേധാവി
ചൈനയുടെ ക്ഷണം സ്വീകരിച്ചു ; രാജ്‌നാഥ് വെയ് ഫെങ്ഗിയെ കാണും ; അതിര്‍ത്തിയിലെ സ്ഥിതി സംഘര്‍ഷഭരിതമെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുന്നതിനിടെ ചര്‍ച്ചകള്‍ക്കുള്ള ചൈനയുടെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഗി ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം കൈമാറിയത്. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിന് ഇടയ്ക്കാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക. 

ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും ചൈനയുടെയും പ്രധാന നേതാക്കള്‍ തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ചൈനീസ് അധികൃതര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അതിര്‍ത്തി തര്‍ക്കത്തില്‍ നാലുമാസത്തിന് ശേഷമാണ് ഇരു രാജ്യങ്ങളിലെയും പ്രമുഖര്‍ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്. 

അതേസമയം അതിര്‍ത്തി തര്‍ക്കം നയതന്ത്ര മാര്‍ഗത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയിലെ സംഭവങ്ങള്‍ ഉഭയകക്ഷി ബന്ധത്തെയും ബാധിക്കുമെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- ചൈന ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ച ചുശൂലില്‍ പുരോഗമിക്കുകയാണ്. 

അതേസമയം ഇന്ത്യ, ചൈന അതിര്‍ത്തിയിലെ സ്ഥിതി സംഘര്‍ഷഭരിതമാണെന്ന് കരസേനാ മേധാവി എംഎം നരവനെ അഭിപ്രായപ്പെട്ടു. സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണ്. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. ഏതു വെല്ലുവിളിയും നേരിടാന്‍ സേന സജ്ജമാണെന്നും  നരവനെ ലഡാക്കില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com