ബീഹാറില്‍ നവംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് ; 65 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പും ഒപ്പം നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് തീയതി ഉചിതമായ സമയത്തു പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു 
ബീഹാറില്‍ നവംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് ; 65 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പും ഒപ്പം നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടത്താന്‍ ഇന്നുചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ ധാരണയായി. തെരഞ്ഞെടുപ്പ് തീയതി ഉചിതമായ സമയത്തു പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ബിഹാര്‍ നിയമസഭയുടെ കാലാവധി നവംബറില്‍ അവസാനിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ നിയമസഭ നവംബര്‍ 29 നകം രൂപീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടെന്നും, നിശ്ചിത സമയത്തിനകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. 

ഇതോടൊപ്പം കേരളത്തിലെ ചവറ, കുട്ടനാട് അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 അസംബ്ലി സീറ്റുകളിലേക്കും ഒരു ലോക്‌സഭ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇതും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടത്താനാണ് ധാരണയായിട്ടുള്ളത്. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെയും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 

കോവിഡ് രോഗവ്യാപനം, ചില സംസ്ഥാനങ്ങളിലെ പ്രളയ ദുരിതം, പ്രകൃതി ക്ഷോഭം തുടങ്ങിയ സ്ഥിതിഗതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് നടത്തുന്നതിലൂടെ, പൊലീസ് സേനയുടെ വിന്യാസം, ക്രമസമാധാനപാലനം തുടങ്ങിയവ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏപ്രിൽ-മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേരളത്തില്‍ ഒഴിവുള്ള കുട്ടനാട്, ചവറ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറും സര്‍ക്കാരും നേരത്തെ കത്തുനല്‍കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com