മയക്കു മരുന്ന് കേസ്; നടി രാ​ഗിണി ദ്വിവേദി അറസ്റ്റിൽ

മയക്കു മരുന്ന് കേസ്; നടി രാ​ഗിണി ദ്വിവേദി അറസ്റ്റിൽ
മയക്കു മരുന്ന് കേസ്; നടി രാ​ഗിണി ദ്വിവേദി അറസ്റ്റിൽ

ബംഗളൂരു: മയക്കു മരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആറ് മണിക്ക് രാഗിണിയുടെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ നടിയെ കസ്റ്റഡിയിലെടുത്തു. 

പിന്നീട് രാവിലെ പതിനൊന്നരയോടെ നടിയെ സിസിബി (സെൻട്രൽ ക്രൈംബ്രാഞ്ച്) ആസ്ഥാനത്ത് എത്തിച്ച ശേഷമാണ് എട്ട് മണിക്കൂറോളം ചോദ്യം ചെയ്തത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാൾ പാർട്ടികളിൽ മയക്കു മരുന്ന് വിതരണം ചെയ്തിരുന്നു. ഇതിൽ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഇവർക്ക് അറിവുണ്ടായിരുന്നു. 

കന്നഡ സിനിമാ മേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയത് രാഗിണിയാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടിൽ പാർട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ കണ്ടെത്തിയതായും അന്വേഷണ സംഘം പറയുന്നു. 

ഇവരുടെ കൈയിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണത്തിലെ വാട്‌സാപ്പ് ചാറ്റുകൾ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെുക്കാനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. 

രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്ര മേഖലയിൽ മയക്കു മരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. തങ്ങൾക്ക് ചില വിവരങ്ങൾ പങ്കുവെക്കാനുണ്ടെന്ന് ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ വ്യക്തമാക്കുകയും സിസിബിക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി സഞ്ജന ഗൽറാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സഞ്ജന ഇപ്പോൾ ബംഗളൂരുവിലില്ല എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ സിനിമാ പ്രവർത്തകരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com