ലഹരി കടത്ത് : രാഗിണി ദ്വിവേദി കസ്റ്റഡിയില്‍ ; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ ; സഞ്ജന ഗല്‍റാണിക്ക് നോട്ടീസ്

ലഹരി കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു
ലഹരി കടത്ത് : രാഗിണി ദ്വിവേദി കസ്റ്റഡിയില്‍ ; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ ; സഞ്ജന ഗല്‍റാണിക്ക് നോട്ടീസ്

ബംഗളൂരു :  ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് യുവനടി രാഗിണി ദ്വിവേദിയെ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.  രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. നടിയുടെ നാലു മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിന് രാഗിണി ഇന്ന് ഹാജരാകാനിരിക്കെയാണ് സിസിബി ( സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ) അതിനാടകീയമായി റെയ്ഡ് നടത്തിയത്. 

പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. യെലഹങ്കയിലെ ഫ്‌ലാറ്റിലെ റെയ്ഡിനിടെയാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടിരുന്നെങ്കിലും, അഭിഭാഷകരെ കണ്ട നടി സമയം നീട്ടി ചോദിക്കുകയായിരുന്നു. 

ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു. ലഹരി വിവാദവുമായി ബന്ധപ്പെട്ട് രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്തബന്ധമുള്ളതയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. 

ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഞ്ജന ഇപ്പോള്‍ ബംഗലൂരുവിലില്ല എന്നാണ് റിപ്പോര്‍്ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് നല്‍കിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേരളത്തിലെ സിനിമാപ്രവര്‍ത്തകരിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 

എല്‍എസ്ഡി സ്റ്റാംപുകള്‍ പാവകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടുതല്‍ ഉപയോഗിച്ചത് ഏതാനും കന്നഡ നടീനടന്മാരാണെന്നും വ്യക്തമായിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കന്നഡ സിനിമ മേഖലയിലെ 12 ഓളം പ്രമുഖര്‍ക്ക് കൂടി അന്വേഷണസംഘം നോട്ടിസ് അയക്കുമെന്നാണ് സൂചന. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും. ലഹരി ഉപയോഗം തുടച്ചു നീക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

കമ്മന ഹള്ളിയിലെ ഹോട്ടലിന്റെ മറവിലാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് അറസ്റ്റിലായ  അനൂപ് മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക സ്രോതസുകളെ പറ്റിയും ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയതായും അനൂപ് വ്യക്തമാക്കിയിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രാഗിണി ദ്വിവേദി കാണ്ഡഹാര്‍ എന്ന മലയാള സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com