കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന് ഹര്‍ജി; 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

കനയ്യ കുമാറിന്റെ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാഗേശ്വര്‍ മിശ്ര എന്നയാളാണ് ഹരജി നല്‍കിയത്. 
കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന് ഹര്‍ജി; 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

അലഹബാദ്‌: സിപിഐ നേതാവ് കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചയാള്‍ക്ക് 25,000രൂപ പിഴ വിധിച്ച് അലഹബാദ്‌
ഹൈക്കോടതി. കനയ്യ കുമാറിന്റെ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാഗേശ്വര്‍ മിശ്ര എന്നയാളാണ് ഹരജി നല്‍കിയത്. 

ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജിക്കാരന്റേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് എന്ന് വിലയിരുത്തി തള്ളുകയായിരുന്നു. 

പൗരത്വം റദ്ദാക്കുന്നത് ഗുരുതരമായ സ്ഥിതിയാണെന്നും ഇന്ത്യയില്‍ ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

2016ല്‍ ജെഎന്‍യു കാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കിയില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 

കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ കോടതി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മുന്‍വിചാരവും കൂടാതെ പബ്ലിസിറ്റി നേടാന്‍ വേണ്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതെന്ന് ബെഞ്ച് വിലയിരുത്തി. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹര്‍ജിക്കാരനോട് 25,000 രൂപ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com