രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടർ

രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടർ
രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം നടക്കുന്നതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് രോ​ഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നത് അതാണ് സൂചി‌പ്പിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ കോവിഡ് മഹാമാരിക്ക് ശമനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 

ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചുവെന്നതടക്കം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പല കാരണങ്ങളുണ്ട്. പത്തു ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഓരോ ദിവസവും നടത്തുന്നത്. സ്വാഭാവികമായും കൂടുതല്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ കഴിയും. കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവവും രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിച്ചുവെന്നും ​ഗുലേറിയ പറഞ്ഞു. 

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വന്ന പലർക്കും ഇപ്പോൾ മടുത്ത് തുടങ്ങിയിരിക്കുന്നു. മാസ്‌ക് പോലും ധരിക്കാതെ ഡൽഹിയിലടക്കം ജനങ്ങൾ പുറത്തിറങ്ങുകയാണ്. പല സ്ഥലത്തും ആള്‍ക്കൂട്ടവും കാണാന്‍ കഴിയുന്നു. ഇതെല്ലാം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും ​ഗുലേറിയ നിരീക്ഷിച്ചു. 

രോഗ വ്യാപനം കുറഞ്ഞു തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാം. വാക്‌സിന്‍ യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കേണ്ടി വരും. അതിനാൽ കോവിഡിനെ ഒരു പരിധി വരെ തടയുന്നതിനായി സാമൂഹിക അകലം ഉറപ്പാക്കുക, മാസ്‌ക ധരിക്കുക, കൈ കഴുകൽ എന്നീ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ അവയില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ് സഞ്ചരിക്കുന്ന സാഹചര്യമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. പബ്ബുകളും ബാറുകളും അടക്കമുള്ളവ വ്യാപകമായി തുറക്കുന്നതോടെ അവിടേക്ക് പോകുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com