മയക്കുമരുന്നു കേസില്‍ നടിമാരായ സഞ്ജനയ്ക്കും നിവേദിതയ്ക്കും എന്‍സിബി നോട്ടീസ് ; അന്വേഷണം രാഷ്ട്രീയതലത്തിലേക്കും ; പ്രതിപ്പട്ടികയില്‍ മുന്‍മന്ത്രിയുടെ മകനും

ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തവരില്‍ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരാണ്
മയക്കുമരുന്നു കേസില്‍ നടിമാരായ സഞ്ജനയ്ക്കും നിവേദിതയ്ക്കും എന്‍സിബി നോട്ടീസ് ; അന്വേഷണം രാഷ്ട്രീയതലത്തിലേക്കും ; പ്രതിപ്പട്ടികയില്‍ മുന്‍മന്ത്രിയുടെ മകനും


ബംഗലൂരു : മയക്കുമരുന്നുകേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെയും ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സിനിമാരംഗത്തെ പ്രമുഖരിലേക്കും രാഷ്ട്രീയ തലത്തിലേക്കും നീളുന്നു. കേസെടുത്ത 12 പേരെക്കൂടാതെ ആരോപണവിധേയരായവരെയും ചോദ്യംചെയ്യാനാണ് തീരുമാനം. നടി സഞ്ജന ഗല്‍റാണിയെ ഇന്നു ചോദ്യംചെയ്യും. മറ്റൊരു നടി നിവേദിതയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തവരില്‍ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും ആരോപണമുണ്ട്. കേസില്‍ ഉള്‍പ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ആദിത്യ ആല്‍വ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവാണ്. 

അന്തരിച്ച മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായിരുന്ന ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. ജീവരാജിന്റെ മകളെയാണ് വിവേക് ഒബ്‌റോയ് വിവാഹംചെയ്തത്. ആദിത്യയുടെ അമ്മ നന്ദിനി ആല്‍വ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തിനായി വിവേക് ഒബ്‌റോയ് എത്തിയിരുന്നു.

അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകയായിരുന്നു രാഗിണി. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയോടൊപ്പം പ്രചാരണരംഗത്ത് രാഗിണി മുഴുവന്‍ സമയവുമുണ്ടായിരുന്നു. ഇത് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. 

രാഗിണി ദ്വിവേദിക്ക് ബിജെപിയുമായി ഒരു ബന്ധമില്ലെന്ന് മന്ത്രി സി ടി രവി പറഞ്ഞു. പ്രതികള്‍ക്ക് എന്ത് ഉന്നത ബന്ധമുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. 

അതിനിടെ നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബംഗളൂരു കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകന്‍ യാഷിന് മുംബൈ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൗണ്‍സിലര്‍ കേശവമൂര്‍ത്തിയുടെ മകന്‍ യാഷിനോട് ഇന്ന് രാവിലെ 11 ന് മുംബൈ എന്‍സിബി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ കേശവമൂര്‍ത്തിയുടെ മഹാലക്ഷ്മി പുരത്തെ വീട്ടില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com