'ലോകം നമ്മളെ ശ്രദ്ധിക്കുന്നു'; ഇന്ത്യയുടെ ശബ്ദം കൂടുതല്‍ കാതോര്‍ക്കുന്നെന്ന് പ്രധാനമന്ത്രി

ആരാധനയ്ക്ക് മാറ്റിവയ്ക്കുന്നതുപോലെ തന്നെ ജനങ്ങള്‍ അല്‍പ സമയം വായനയ്ക്ക് വേണ്ടി മാറ്റിവയ്ക്കണമെന്നും എല്ലാ വീടുകളിലും പുസ്തകങ്ങള്‍ക്കായി ഒരിടം വേണമെന്നും അദ്ദേഹം പറഞ്ഞു. 
'ലോകം നമ്മളെ ശ്രദ്ധിക്കുന്നു'; ഇന്ത്യയുടെ ശബ്ദം കൂടുതല്‍ കാതോര്‍ക്കുന്നെന്ന് പ്രധാനമന്ത്രി

ജയ്പൂര്‍: രാജ്യത്തിന്റെ ഉത്പ്പന്നങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയുടെ അഭിപ്രായങ്ങള്‍ക്കും ലോകം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി. ജയ്പൂരില്‍ മാധ്യമ ഗ്രൂപ്പായ പത്രിക ഗ്രൂപ്പ് സ്ഥാപിച്ച പത്രിക ഗേറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രിക ഗ്രൂപ്പ് ചെയര്‍മാന്‍ ഗുലാബ് കോതാരി എഴുതിയ രണ്ട് പുസ്തകങ്ങളും അദ്ദേഹം പ്രകാശനം ചെയ്തു. 

എല്ലാ അന്താരാഷ്ട്ര കൂട്ടായ്മകളിലും ഇന്ത്യക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്തിലെ മാഗസിനുകള്‍ക്കും പത്രങ്ങള്‍ക്കും അന്താരാഷ്ട്ര പ്രശസ്തി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഡിജിറ്റല്‍ കാലഘട്ടത്തില്‍ ലോകത്ത് എല്ലായിടത്തും എത്തപ്പെടണം. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്‍കുന്നതുപോലെ സാഹിത്യ അവാര്‍ഡുകള്‍ നല്‍കണം. ഇത് രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ് 19 പകര്‍ച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിച്ചും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് പോരായ്മകള്‍ ചൂണ്ടിക്കാണിച്ചും ജനങ്ങളെ സേവിച്ചതിന് മാധ്യമങ്ങളെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. 

സോഷ്യല്‍ മീഡിയ കാലത്ത് മാധ്യമങ്ങള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് നല്ലകാര്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സര്‍ക്കാരിന്റെ സ്വച്ഛഭാരത്, ഉജ്ജ്വല സ്‌കീം, പാവപ്പെട്ട സ്ത്രീകള്‍ക്ക് പാചക വാതകം നല്‍കുന്ന പദ്ധതി എന്നിവിയിലെല്ലാം മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിച്ചു എന്നും അദ്ദേഹം പറഞ്ഞു. 

ആരാധനയ്ക്ക് മാറ്റിവയ്ക്കുന്നതുപോലെ തന്നെ ജനങ്ങള്‍ അല്‍പ സമയം വായനയ്ക്ക് വേണ്ടി മാറ്റിവയ്ക്കണമെന്നും എല്ലാ വീടുകളിലും പുസ്തകങ്ങള്‍ക്കായി ഒരിടം വേണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com