കുട്ടിയെ വിഴുങ്ങി എന്ന് അഭ്യൂഹം, നാട്ടുകാര്‍ വലിച്ചിഴച്ചു; മാനിനെ തിന്ന കൂറ്റന്‍ പെരുമ്പാമ്പ് ചത്തു, അന്വേഷണം 

ഉത്തര്‍പ്രദേശില്‍ മാനിനെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാനിനെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്തു. പെരുമ്പാമ്പ് വിഴുങ്ങിയത് മനുഷ്യനെയാണ് എന്ന അഭ്യൂഹത്തില്‍, നാട്ടുകാര്‍ ഇതിനെ വലിച്ചിഴച്ചിരുന്നു. ഇതാകാം പെരുമ്പാമ്പ് ചാവാനുളള കാരണമെന്നാണ് നിഗമനം.

ഉത്തര്‍പ്രദേശിലെ അമ്രോഹയിലെ മാലിപുരയിലാണ് സംഭവം. പത്ത് അടി നീളമുളള കൂറ്റന്‍ പെരുമ്പാമ്പിനെയാണ് ഗംഗയുടെ തീരത്ത് ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാലിത്തീറ്റ വാങ്ങുന്നതിനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയാണ് കരിമ്പിന്‍ തോട്ടത്തില്‍ പെരുമ്പാമ്പിനെ കണ്ടത്. പെണ്‍കുട്ടി നാട്ടുകാരെ വിളിച്ചുവരുത്തി. പെരുമ്പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ക്ക്് ഇടയില്‍ മനുഷ്യകുഞ്ഞിനെ പെരുമ്പാമ്പ് വിഴുങ്ങി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. 

കൃഷിയിടത്തില്‍ പെരുമ്പാമ്പിന് ചുറ്റും നാട്ടുകാര്‍ തടിച്ചുകൂടി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതിന് മുന്‍പ് ഇതിനെ വലിച്ചിഴച്ച് കുറെ ദൂരം കൊണ്ടുപോയതായി പൊലീസ് പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പിനെ ഗംഗയുടെ തീരത്ത് തുറന്ന് വിട്ടു. 

പെരുമ്പാമ്പ് മാനിന്റെ ജഡം പുറന്തളളിയതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. തുടര്‍ന്ന് ക്ഷണനേരത്തിനുളളില്‍ പെരുമ്പാമ്പ് ചത്തതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com