ഇടതുപക്ഷം പിടിച്ച വോട്ട് സഹായിച്ചത് ബിജെപിയെ; ഇത്തവണ കൂടെക്കൂട്ടാന്‍ മഹാസഖ്യം, ബിഹാറില്‍ ചര്‍ച്ചകള്‍ സജീവം

വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ നീക്കം
സിപിഐ നേതാവ് കനയ്യകുമാറിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നുള്ള ചിത്രം
സിപിഐ നേതാവ് കനയ്യകുമാറിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നുള്ള ചിത്രം

പട്‌ന: വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ നീക്കം. ഇടത് കക്ഷികളുമായുള്ള സഖ്യത്തിന് മുന്‍ഗണന നല്‍കുന്നതായി മഹാസഖ്യ നീക്കത്തിലെ മുതിര്‍ന്ന നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

ചില മണ്ഡലങ്ങളില്‍ ഇടത് പാര്‍ട്ടികളെ കൂടെക്കൂട്ടിയാല്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തല്‍. ഇടത് പാര്‍ട്ടികള്‍ക്ക് മാന്യമായ സീറ്റുകള്‍ നല്‍കാന്‍ സഖ്യം തയ്യാറാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇടത് പാര്‍ട്ടികള്‍ നേടിയ വോട്ട് ബിജെപിക്ക് സഹായമായി എന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തല്‍. ഇത്തവണ അങ്ങനെയൊരു പാളിച്ച പറ്റാതിരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസിലെയും ആര്‍ജെഡിയിലെയും മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐ, സിപിഎം പാര്‍ട്ടികള്‍ മൂന്നാം മുന്നണിയായാണ് മത്സരിച്ചത്. ആദ്യം മഹാസഖ്യത്തിന്റെ കൂടെയായിരുന്ന ഇടത് പാര്‍ട്ടികള്‍, സിപിഐ നേതാവ് കനയ്യ കുമാറിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മൂന്നാം മുന്നണിയായി മത്സരിച്ചത്. അതേസമയം, മറ്റൊരു ഇടത് പാര്‍ട്ടിയായ സിപിഐഎംഎല്‍ മഹാസഖ്യത്തിനൊപ്പം നിന്നാണ് മത്സരിച്ചത്.

മഹാസഖ്യത്തിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഉടനേതന്നെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് സൂചന. 243 അംഗം നിയമസഭയില്‍ ആര്‍ജെഡി 130-140 സീറ്റുകളില്‍ മത്സരിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് 55-56 സീറ്റുകളില്‍ മത്സരിക്കും.  ഇടത് പാര്‍ട്ടികള്‍ വരികയാണെങ്കില്‍ ഈ സീറ്റുകളില്‍ നിന്ന് ചിലത് വിട്ടുനല്‍കും. വരുന്ന നവംബറിലായിരിക്കും ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com