ഉടമ ഇല്ലാത്ത സമയത്ത് കടന്നുകയറിയത് എന്തിന്? കോര്‍പ്പറേഷനോട് ഹൈക്കോടതി, കങ്കണയുടെ ബംഗ്ലാവ് പൊളിക്കുന്നതിന് സ്റ്റേ

ഉടമ ഇല്ലാത്ത സമയത്ത് കടന്നുകയറിയത് എന്തിന്? കോര്‍പ്പറേഷനോട് ഹൈക്കോടതി, കങ്കണയുടെ ബംഗ്ലാവ് പൊളിക്കുന്നതിന് സ്റ്റേ
മുംബൈയിലേക്കു തിരിച്ച കങ്കണ റണാവത്തിന് മൊഹാലി വിമാനത്താവളത്തില്‍ ഒരുക്കിയ സുരക്ഷ-പിടിഐ
മുംബൈയിലേക്കു തിരിച്ച കങ്കണ റണാവത്തിന് മൊഹാലി വിമാനത്താവളത്തില്‍ ഒരുക്കിയ സുരക്ഷ-പിടിഐ


മുംബൈ: നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിലെ 'അനധികൃത നിര്‍മാണം' പൊളിക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. ഉടമ സ്ഥലത്തില്ലാത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ എന്തിന് വസ്തുവില്‍ കയറിയെന്ന് ജസ്റ്റിസ് എസ്‌ജെ കതന്‍വാല ചോദിച്ചു. കെട്ടിടം പൊളിക്കാനുള്ള ബിഎംസിയുടെ നോട്ടീസിന് എതിരെ കങ്കണ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഉടമ ഇല്ലാത്തപ്പോള്‍ വസ്തുവിലില്‍ കയറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിഎംസിയോട് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ പരിഗണിക്കും. 

കങ്കണയുടെ ബംഗ്ലാവിനോടു ചേര്‍ന്ന ഓഫിസ് മുറി കോര്‍പ്പറേഷന്‍ നേരത്തെ പൊളിച്ചുനീക്കിയിരുന്നു. ഉച്ചയോടെ ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളുമായി എത്തിയാണ് ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിച്ചത്. ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക് പോര് മൂര്‍ച്ഛിക്കുന്നതിന് ഇടയിലാണ്, ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ നടപടി.

അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്നു രാവിലെ കങ്കണയുടെ ബംഗ്ലാവില്‍ കോര്‍പ്പറേഷന്‍ രണ്ടാമത്തെ നോട്ടീസ് പതിച്ചു. ബാന്ദ്രയിലെ ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയെന്നു കാണിച്ച് ഇന്നലെയാണ് കോര്‍പ്പറേഷന്‍ കങ്കണയ്ക്കു നോട്ടീസ് നല്‍കിയത്. ശിവസേനാ നേതാക്കളുമായി കങ്കണയുടെ വാക് പോര് തുടരുന്നതിനിടെ കോര്‍പ്പറേഷന്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കങ്കണയുടെ അഭിഭാഷകന്‍ നല്‍കിയ മറുപടിയിലും ഈ ആരോപണം ഉണ്ടായിരുന്നു. 

്‌നോട്ടീസ് ലഭിച്ചിട്ടും ബംഗ്ലാവില്‍ അനധികൃത നിര്‍മാണം തുടര്‍ന്നതായി കോര്‍പ്പറേഷന്‍ ആരോപിച്ചു. ബാന്ദ്രയിലെ ബംഗ്ലാവിന് റെസിഡന്‍ഷ്യല്‍ അനുമതിയാണ് ഉള്ളതെന്നും ഇവിടെ ഓഫിസ് മുറി പണിതത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയെന്നും ആക്ഷേപമുണ്ട്. 

മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിനെത്തുടര്‍ന്നാണ് ശിവസേന കങ്കണയ്‌ക്കെതിരെ രംഗത്തുവന്നത്. ഹിമാചലിലുള്ള കങ്കണ മുംബൈയ്ക്കു തിരിച്ചിട്ടുണ്ട്. മുംബൈ പാക് അധീന കശ്മീര്‍ ആണെന്നു താന്‍ പറഞ്ഞത് ശരിയായതായി പൊളിക്കലിനോടു പ്രതികരിച്ചുകൊണ്ട് കങ്കണ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com