കോവിഡ് മൂലം എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരമില്ല; നീറ്റ് പരീക്ഷ മാറ്റണമെന്ന ഹര്‍ജി തളളി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th September 2020 12:14 PM  |  

Last Updated: 09th September 2020 12:14 PM  |   A+A-   |  

 

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുളള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തളളി. ഞായറാഴ്ച ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ മൂന്ന് ഹര്‍ജികളാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായുളള മൂന്നംഗ ബഞ്ച് തളളിയത്. നീറ്റ് പരീക്ഷ സംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയായതാണ്. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇയും അവസാനിച്ചു. അങ്ങനെയെങ്കില്‍ പുതിയ ഹര്‍ജി എങ്ങനെയാണ് പരിഗണിക്കാന്‍ കഴിയുക എന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. 

പരീക്ഷ റദ്ദാക്കണമെന്നല്ല, മറിച്ച് മാറ്റിവെയ്ക്കണമെന്ന് മാത്രമാണ് അഭ്യര്‍ത്ഥിക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. അപ്പോഴാണ് നീറ്റ് പരീക്ഷ സംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയായതാണ് എന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഓര്‍മ്മിപ്പിച്ചത്. എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇയും അവസാനിച്ചു. ഈ ഘട്ടത്തില്‍ ഈ ഹര്‍ജി എങ്ങനെയാണ് പരിഗണിക്കാന്‍ കഴിയുക എന്നും അശോക് ഭൂഷണ്‍ ചോദിച്ചു. കോവിഡ് മൂലം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി പരിഗണിച്ചില്ല.

ഓഗസ്റ്റ് 17ന് നീറ്റ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബഞ്ച് തളളിയിരുന്നു. കുട്ടികളുടെ ഭാവി വച്ച് പന്താടരുത് എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് പരീക്ഷ നിശ്ചയിച്ച തീയതിക്ക് തന്നെ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു. ഇതിനെതിരെ സെപ്റ്റംബര്‍ അഞ്ചിന് നല്‍കിയ പുനഃപരിശോധന ഹര്‍ജികളും സുപ്രീംകോടതി പരിഗണിച്ചില്ല. 16 ലക്ഷം കുട്ടികളാണ് സെപ്റ്റംബര്‍ 13ന് പരീക്ഷ എഴുതുന്നത്.