പശുക്കിടാവ് കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ഇറങ്ങിയ സഹോദരങ്ങളടക്കം അഞ്ചുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; കിടാവ് രക്ഷപ്പെട്ടു

ഉത്തര്‍പ്രദേശില്‍ പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ അടക്കം അഞ്ചുപേര്‍ ശ്വാസം മുട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ അടക്കം അഞ്ചുപേര്‍ ശ്വാസം മുട്ടി മരിച്ചു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പശുക്കിടാവ് രക്ഷപ്പെട്ടു. 

ഗോണ്ടയിലെ കോട്ട്‌വാലി മേഖലയില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അഞ്ചുപേര്‍ വിഷവാതകമായ മീഥെയ്ന്‍ ഗ്യാസ് ശ്വസിക്കാന്‍ ഇടയായതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുളളൂ. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ആശ്വാസ സഹായം പ്രഖ്യാപിച്ചു.

മരിച്ചവരുടെ ആരുടേയും ഉടമസ്ഥതയിലുളളതല്ല പശുക്കിടാവ്. ഉപയോഗശൂന്യമായി കിടന്ന കിണറിലാണ് പശുക്കിടാവ് വീണത്. പശുക്കിടാവിന്റെ കരച്ചില്‍ കേട്ട വിഷ്ണുവാണ് ആദ്യം രക്ഷയ്‌ക്കെത്തിയത്. വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവപ്പെട്ട വിഷ്ണു സഹായത്തിനായി നിലവിളിച്ചു. തുടര്‍ന്ന് സഹായത്തിന് എത്തിയ ഓരോരുത്തരായി കിണറില്‍ കുടുങ്ങുകയായിരുന്നു. ഗ്രാമവാസികള്‍ അറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഇവരെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com