മാസ്‌കുമില്ല, സാമൂഹിക അകലവുമില്ല ; ബിജെപി സംഘടിപ്പിച്ച കലശ് യാത്രയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍; റാലിക്കിടെ സാരി വിതരണവും ( വീഡിയോ)

ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഇന്‍ഡോര്‍ ജില്ലാകളക്ടര്‍ മനീഷ് സിങ് വ്യക്തമാക്കി
മാസ്‌കുമില്ല, സാമൂഹിക അകലവുമില്ല ; ബിജെപി സംഘടിപ്പിച്ച കലശ് യാത്രയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍; റാലിക്കിടെ സാരി വിതരണവും ( വീഡിയോ)

ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത കലശ് യാത്ര വിവാദത്തില്‍. സംസ്ഥാനമന്ത്രി തുള്‍സി സിലാവതിന്റെ അനുയായികളായ ബിജെപി പ്രവര്‍ത്തകരാണ് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍. മുഖാവരണമോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരക്കണക്കിന് സ്ത്രീകളാണ് ചടങ്ങില്‍ പങ്കെടുത്തത്. 

മാസ്‌ക് പോലുമില്ലാതെ വനിതകള്‍ കൂട്ടമായി തലയില്‍ കലശവുമായി പോകുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ, സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കോവിഡ് ലംഘനത്തിന് സംഘാടകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും, ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഇന്‍ഡോര്‍ ജില്ലാകളക്ടര്‍ മനീഷ് സിങ് വ്യക്തമാക്കി. 

കലശ് യാത്രയോട് അനുബന്ധിച്ച് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. ഇതാണ് കോവിഡും മറന്ന് സ്ത്രീകള്‍ കൂട്ടത്തോടെ പങ്കെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് തുള്‍സി സിലാവത്. ഇദ്ദേഹം അടുത്തു തന്നെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നുണ്ട്. 

ഇതിന്റെ മുന്നോടിയായാണ് കോവിഡ് നിയമങ്ങളും ലംഘിച്ച് വന്‍ റാലി സംഘടിപ്പിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. കോവിഡിന്റെ പശ്ചാത്തലത്തില്‍ മതപരമോ, രാഷ്ട്രീയമോ ആയ ഒരു പരിപാടിയും നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എതിരാളികള്‍ പറയുന്നു. എന്നാല്‍ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും, അധികൃതരുടെ അനുമതിയോടെയാണ് കലശ് യാത്ര നടത്തിയതെന്നും ബിജെപി നേതാവ് രാജേഷ് സോങ്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com