ആശുപത്രിക്ക് പുറത്ത് കാത്തു നിന്നത് അഞ്ച് മണിക്കൂര്‍; ചികിത്സ കിട്ടാതെ 54കാരനായ കോവിഡ് രോഗി മരിച്ചു

ആശുപത്രിക്ക് പുറത്ത് കാത്തു നിന്നത് അഞ്ച് മണിക്കൂര്‍; ചികിത്സ കിട്ടാതെ 54കാരനായ  കോവിഡ് രോഗി മരിച്ചു
ആശുപത്രിക്ക് പുറത്ത് കാത്തു നിന്നത് അഞ്ച് മണിക്കൂര്‍; ചികിത്സ കിട്ടാതെ 54കാരനായ കോവിഡ് രോഗി മരിച്ചു

ലഖ്‌നൗ: കോവിഡ് സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച 54കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. അഞ്ച് മണിക്കൂറോളമാണ് രോഗിയുമായി ബന്ധുക്കള്‍ പുറത്ത് കാത്തു നിന്നത്. ഉത്തര്‍പ്രദേശിലെ ഷഹജന്‍പുരിലാണ് സംഭവം. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കിടക്ക അനുവദിക്കാന്‍ സാധിക്കില്ലെന്ന ആശുപത്രി അധികൃതരുടെ പിടിവാശിയാണ് തന്റെ പിതാവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് മരിച്ചയാളുടെ 32കാരനായ മകന്‍ ആരോപിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പിതാവിനെയും കൊണ്ടു മകന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ചികിത്സയ്ക്കായി ഉടന്‍ തന്നെ പ്രവേശിപ്പിച്ചില്ല. കിടക്ക അനുവദിക്കാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

നടപടിക്രമങ്ങള്‍ക്കായി മകന്‍ നെട്ടോട്ടമോടിയ സമയമത്രയും 54കാരനും ബന്ധുക്കളും ആശുപത്രിക്ക് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു. ചികിത്സ നടത്തുന്ന മുറിക്ക് പുറത്ത് ഭക്ഷണം അനുവദിക്കാത്തതിനാല്‍ ഈ സമയമത്രയും 54കാരന്‍ ഭക്ഷണവും വെള്ളവുമില്ലാതെ നരക യാതന അനുഭവിച്ചതായി ബന്ധുക്കള്‍ പറയുന്നു. 

മകന്‍ കടലാസ് പണികളെല്ലാം പൂര്‍ത്തിയാക്കി കിടക്ക അനുവദിച്ച് കിട്ടുമ്പോഴേക്കും 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. എന്നാല്‍ അപ്പോഴേക്കും പിതാവ് മരിച്ചു. ആശുപത്രി അധികൃതരുടെ കനിവില്ലായ്മയാണ് തന്റെ പിതാവിന്റെ ജീവന്‍ എടുത്തതെന്ന് മകന്‍ ആരോപിച്ചു. 

എന്നാല്‍ ബന്ധുക്കളുടെ പിടിപ്പുകേടാണ് മരണത്തിന് ഇടയാക്കിയതെന്ന വാദമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രോഗിയെ ഐസിയുവിലേക്ക് മാറ്റാനുള്ള ശ്രമം തങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിന് അനുവദിക്കാതെ ചികിത്സ വൈകിപ്പിക്കുകയായിരുന്നുവെന്നും അധികൃതര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com