ഇന്ത്യയുടെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്കുള്ള സന്ദേശം ; ഏത് ആക്രമണത്തെയും ചെറുക്കാന്‍ റഫാലിനാകുമെന്ന് രാജ്‌നാഥ് സിങ്

നിലവിലെ സാഹചര്യത്തില്‍ റഫാലിനെ സൈന്യത്തിന്റെ ഭാഗമാക്കിയത് നിര്‍ണായകമാകുമെന്ന് രാജ്‌നാഥ് സിങ്
ഇന്ത്യയുടെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്കുള്ള സന്ദേശം ; ഏത് ആക്രമണത്തെയും ചെറുക്കാന്‍ റഫാലിനാകുമെന്ന് രാജ്‌നാഥ് സിങ്


ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്കുള്ള സന്ദേശമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇത് ചരിത്ര നിമിഷമാണ്. അതിര്‍ത്തി സംഘര്‍ഷം അടക്കമുള്ള നിലവിലെ സാഹചര്യത്തില്‍ റഫാലിനെ സൈന്യത്തിന്റെ ഭാഗമാക്കിയത് നിര്‍ണായകമാകുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. റഫാല്‍ യുദ്ധവിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കുക്കൊണ്ടുള്ള ചടങ്ങില്‍ സംസാരിക്കവെയാണ് പ്രതിരോധമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

റഫാലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയത് ശക്തവും വലുതുമായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. റഫാല്‍ ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുകയാണ്. റഫാല്‍ നമ്മുടെ അതിര്‍ത്തികളിലെ മികച്ച കാവല്‍ക്കാരനാകും. ഏത് ആക്രമണത്തെയും ചെറുക്കാന്‍ റഫാലിനാകും. വ്യോമസേനയുടെ പ്രതിരോധശേഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. രാജ്യസുരക്ഷയ്ക്ക് മോദി സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

റഫാല്‍ ഇന്ത്യയും ഫ്രാന്‍സുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. പ്രതിരോധമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രാജ്‌നാഥ് ഫ്രാന്‍സിന ക്ഷണിച്ചു. പ്രതിരോധമേഖലയില്‍ 74 ശതമാനം വിദേശനിക്ഷേപത്തിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റഫാല്‍ സേനയുടെ ഭാഗമാക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഏറെ അഹ്ലാദകരമെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സുമായുള്ള ബന്ധത്തിന്റെ തെളിവാണിത്. ഇതോടെ ഇന്ത്യ മേഖലയില്‍ വ്യക്തമായ അധീശത്വം നേടിയതായും ഫ്രഞ്ച് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു.

റഫാലിനെ ഉള്‍പ്പെടുത്തിയത് വ്യോമസേനയുടെ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍ കെ ഭദോരിയ പറഞ്ഞു. വിന്യസിക്കുന്നിടത്തെല്ലാം റഫാല്‍ ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ നിന്നും എത്തിച്ച അഞ്ച് യുദ്ധവിമാനങ്ങളാണ് അംബാലയിലെ എയര്‍ബേസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാക്കിയത്.

റഫാൽ വിമാനങ്ങൾ സ്ക്വാഡ്രൺ 17 ഗോൾഡൻ ആരോസിന്റെ ഭാഗമാണ് ആകുന്നത്.ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റാഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കലിൽ  25 ടൺ വരെ ഭാരം വഹിക്കാനാകും.59,000 കോടി രൂപയ്ക്കാണ്  36 വിമാനങ്ങൾ  ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com