'കോവിഡ് പോസറ്റീവ്'; 28 കാരിയെ ആംബുലന്‍സില്‍ കടത്തിക്കൊണ്ടുപോയി; പരാതിയുമായി ഭര്‍ത്താവ്

കസ്റ്റമര്‍ സര്‍വീസ് കെയറിലെ ജീവനക്കാരിയാണ് യുവതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു: കോവിഡ് പോസറ്റീവാണെന്ന് പറഞ്ഞ് യുവതിയെ ആംബുലന്‍സില്‍ കടത്തിക്കൊണ്ടുപോയതായി പരാതി. പിപിഇ കിറ്റ് ധരിച്ചെത്തിയ നാല് പേരാണ് 28കാരിയെ ആംബുലന്‍സില്‍ തട്ടിക്കൊണ്ടുപോയത്. ബംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ സപ്തംബര്‍ മൂന്നിനായിരുന്നു സംഭവം. കസ്റ്റമര്‍ സര്‍വീസ് കെയറിലെ ജീവനക്കാരിയാണ് യുവതി. 

വളരെ ആസൂത്രിതമായാണ് ഇവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. നേരത്തെ തന്നെ യുവതിയുടെ വീടിന് സമീപത്തെത്തി ഇവര്‍ കോവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആളുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ആ സംഘം യുവതിയുടെയും വീട്ടുകാരുടെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിന് ശേഷം ഇവര്‍ ആംബുലന്‍സുമായി യുവതിയുടെ വീട്ടിലെത്തി. 

സാമ്പിള്‍ പരിശോധനയില്‍  യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും സമീപത്തെ പ്രശാന്ത് ആശുപത്രിയിലേക്ക് മാറ്റുന്നതായും അറിയിച്ചു. അവശ്യവസ്തുക്കള്‍ മാത്രം കൈയില്‍ കരുതിയാല്‍ മതിയെന്നും മൊബൈല്‍ ഫോണ്‍ എടുക്കേണ്ടതില്ലെന്നും ആശുപത്രിയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നും അറിയിച്ചതായി സഹോദരന്‍ പറഞ്ഞു. വൈകീട്ട് ആശുപത്രിയിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയിട്ടില്ലെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. 

തുടര്‍ന്ന് ഇവര്‍ ബിബിഎംപി ഹെല്‍പ് ലൈനില്‍ വിളിച്ചപ്പോഴാണ് പ്രദേശത്ത് ഇത്തരത്തില്‍ കോവിഡ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ആളുകളെ നിയോഗിച്ചിട്ടില്ലെന്നും സംഗീത എന്ന പേരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ബൊമ്മനഹളളി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. എന്നാല്‍
പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയെ കണ്ടെത്താന്‍ പൊലീസ് നിസംഗത കാണിക്കുയാണെന്നാണ് ബന്ധുക്കളുടെ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com