മകന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്ങിന് സീറ്റ് വാങ്ങി തരാം, വിശ്വസിപ്പിക്കാന്‍ രസീത് നല്‍കി; അച്ഛനില്‍ നിന്ന് 52 ലക്ഷം തട്ടിയ മൂന്നംഗ കുടുംബം പിടിയില്‍

തമിഴ്‌നാട്ടില്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്. മകന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് കോഴ്‌സിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി 52കാരനില്‍ നിന്ന് 52 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സുനില്‍കുമാര്‍ ഹാന്‍ഡയുടെ പരാതിയില്‍ മകള്‍ ഉള്‍പ്പെടെ മൂന്നംഗ കുടുംബം അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ നുങ്കമ്പാക്കത്താണ് സംഭവം. മൂന്നംഗ കുടുംബവുമായി അടുപ്പമുളള സുഹൃത്ത് രാജശേഖരന്‍ വഴിയാണ് സുനില്‍കുമാര്‍ ഇവരുമായി ബന്ധപ്പെട്ടത്. 51 വയസ്സുളള വിശ്വനാഥന്‍, ഭാര്യ ദര്‍ശിനി, മകള്‍ അക്ഷയ എന്നിവരും രാജശേഖരനും ചേര്‍ന്നാണ് തട്ടിപ്പ്് നടത്തിയത്. 

മകള്‍ അക്ഷയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജേര്‍ണലിസം ചെയ്യുകയാണെന്ന് ദമ്പതികള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സുനിലിനെ തട്ടിപ്പിന് ഇരയാക്കിയത്. മകന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ തങ്ങളുടെ മകള്‍ വഴി സീറ്റ് ഉറപ്പിച്ചു തരാമെന്ന് പറഞ്ഞാണ് സുനിലില്‍ നിന്ന് പണം തട്ടിയെടുത്തത്. സുനിലിനെ വിശ്വസിപ്പിക്കാന്‍ പണം വാങ്ങിയതിന് വ്യാജ രസീതും നല്‍കി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രസീത് വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് 52 കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com