ഇന്‍ഷുറന്‍സ് ഏജന്റ് എന്ന് പറഞ്ഞ് സമീപിച്ചു, സ്വന്തമായി കോള്‍ സെന്റര്‍; 86കാരന്റെ ആറു കോടി തട്ടിയ 17കാരന്‍ പിടിയില്‍, 35 വ്യാജ ബാങ്ക് അക്കൗണ്ടുകള്‍

ഇന്‍ഷുറന്‍സ് കമ്പനി ഏജന്റ് എന്ന വ്യാജേന 86കാരനെ കബളിപ്പിച്ച് ആറു കോടി രൂപ തട്ടിയെടുത്ത കേസില്‍ 17കാരന്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനി ഏജന്റ് എന്ന വ്യാജേന 86കാരനെ കബളിപ്പിച്ച് ആറു കോടി രൂപ തട്ടിയെടുത്ത കേസില്‍ 17കാരന്‍ പിടിയില്‍. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് 86കാരന്റെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ഡല്‍ഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം പറഞ്ഞു.

ഡല്‍ഹിയിലാണ് സംഭവം. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്ക് രൂപം നല്‍കിയാണ് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും കൂട്ടാളികളും ചേര്‍ത്ത് തട്ടിപ്പ് നടത്തിയത്. ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ സഹായിക്കാമെന്ന വ്യാജേനയാണ് സംഘം 86കാരനെ സമീപിച്ചത്. തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ച സംഘം 86കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് പണം തന്റെ അക്കൗണ്ടിലേക്ക് 17കാരന്‍ മാറ്റുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 17കാരന്റെ കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടെലിഫോണിലൂടെയാണ് ഇവര്‍ 86കാരനുമായി പരിചയം സ്ഥാപിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേണ്ടി രൂപം നല്‍കിയ കോള്‍ സെന്ററിന്റെ മറവിലായിരുന്നു തട്ടിപ്പ്.സെന്‍ട്രല്‍ ഡല്‍ഹി നിവാസിയായ 17കാരന്‍ വ്യാജ പേരിലാണ് ബാങ്ക് അക്കൗണ്ട് തുറന്നത്. വിവിധ പേരുകളില്‍ 35 ബാങ്ക് അക്കൗണ്ട് തുറന്ന് ഇത്തരത്തില്‍ പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ആരെല്ലാമാണ് തട്ടിപ്പിന് ഇരയായ മറ്റുളളവര്‍ എന്ന് കണ്ടെത്തുന്നതിനുളള അന്വേഷണത്തിലാണ് അന്വേഷണ സംഘം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com