'കിടക്ക പങ്കിട്ടാൽ പരീക്ഷയിൽ വിജയിപ്പിക്കാം'- മെഡിക്കൽ വിദ്യാർത്ഥിനിയോട് അധ്യാപകൻ; പരാതി

'കിടക്ക പങ്കിട്ടാൽ പരീക്ഷയിൽ വിജയിപ്പിക്കാം'- മെഡിക്കൽ വിദ്യാർത്ഥിനിയോട് അധ്യാപകൻ; പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പുർ: കിടക്ക പങ്കിടാൻ വിസമ്മതിച്ചതിനെ തുടർന്ന് അധ്യാപകൻ പരീക്ഷയിൽ മനഃപൂർവം തോൽപ്പിച്ചുവെന്ന് കാണിച്ച് മെഡിക്കൽ വി​ദ്യാർത്ഥിനിയുടെ പരാതി. ഛത്തീസ്​ഗഢിലാണ് സംഭവം. അംബേദ്കർ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. വിവേക് ​​ചൗധരിക്കെതിരെയാണ് വിദ്യാർത്ഥിനി ലൈം​ഗിക ആരോപണവുമായി രം​ഗത്തെത്തിയത്.  

ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചാൽ പരീക്ഷയിൽ വിജയിപ്പിക്കാമെന്നു പ്രൊഫസർ തന്നോട് പറഞ്ഞതായി മെഡിക്കൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്. സംസ്ഥാന വനിതാ കമ്മീഷനിലാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. ഡോക്ടർ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പരാതിക്കാരി സമർപ്പിച്ചതായി കമ്മീഷൻ മേധാവി കിരൺമയി നായക് പറഞ്ഞു. വാദം കേൾക്കാൻ കമ്മീഷൻ ഡോ. ചൗധരിയെ സെപ്റ്റംബർ 23 ന് വിളിപ്പിച്ചു.

നിലവിൽ സർക്കാർ നടത്തുന്ന റീജിയണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ- കം പ്രൊഫസറായ ചൗധരി മെഡിക്കൽ പരിശോധനയിൽ ഗ്രേഡുകൾ അനുവദിക്കുന്നത് സംബന്ധിച്ചാണ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. മാർക്ക് അനുവദിക്കാത്തതിനാൽ രണ്ടാം വർഷ ഫൈനൽ പരീക്ഷയിൽ പരാജയപ്പെട്ടുവെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു. 

അതേസമയം, ഡോ. ചൗധരി തനിക്കെതിരായ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമാണ് ആരോപണങ്ങളാണ് തനിക്കെതിരെ ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോ​ഗ്യതയില്ലാത്ത ഒരു വിദ്യാർത്ഥിയെ ഡോക്ടറാക്കാനും സമൂഹത്തിന് ദോഷം വരുത്താനും അനുവദിക്കാനാവില്ലെന്ന് ചൗധരി പറയുന്നു. 

വിദ്യാർത്ഥിനിയെ താൻ മനഃപൂർവം തോൽപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ യോഗ്യതയില്ലാത്ത മറ്റ് രണ്ട് വിദ്യാർത്ഥികളും പരീക്ഷയെഴുതിയിട്ടില്ല. അതിനാൽ വിദ്യാർത്ഥിനിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ചൗധരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com