'നിങ്ങളുടെ മുതല ഞങ്ങളുടെ കസ്റ്റഡിയിലാണ്, 50,000 രൂപ മോചന ദ്രവ്യവുമായി വരിക' ; അപൂര്‍വ ബന്ദിയാക്കല്‍, കൗതുകം

'നിങ്ങളുടെ മുതല ഞങ്ങളുടെ കസ്റ്റഡിയിലാണ്, 50,000 രൂപ മോചന ദ്രവ്യവുമായി വരിക' ; അപൂര്‍വ ബന്ദിയാക്കല്‍, കൗതുകം
'നിങ്ങളുടെ മുതല ഞങ്ങളുടെ കസ്റ്റഡിയിലാണ്, 50,000 രൂപ മോചന ദ്രവ്യവുമായി വരിക' ; അപൂര്‍വ ബന്ദിയാക്കല്‍, കൗതുകം

ലക്‌നൗ: കുളത്തില്‍ വീണ മുതലയെ പിടിച്ചു കെട്ടി ബന്ദിയാക്കിയ ഗ്രാമീണര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മോചനദ്രവ്യം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ മിദാനിയയിലാണ് സംഭവം. 

കഴിഞ്ഞ ദിവസങ്ങളില്‍ മഴ തകര്‍ത്തു പെയ്തതോടെയാണ് ഗ്രാമീണര്‍ സമീപത്തെ കുളത്തില്‍ മുതലയെ കണ്ടത്. എങ്ങനെയോ കുളത്തില്‍ വീണതാണ് മുതല. ഗ്രാമീണര്‍ എന്തായാലും മുതലയെ രക്ഷിച്ചു പുറത്തെത്തിച്ചു.

എട്ടടി നീളമുള്ള മുതലയെ പുറത്തെടുത്തപ്പോഴാണ് ആരോ പുതിയ ആശയം മുന്നോട്ടുവച്ചത്. മുതലയെ രക്ഷിക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്, അതുകൊണ്ട് വിട്ടുകൊടുക്കാന്‍ അവരില്‍നിന്നു പണം ആവശ്യപ്പെടാം! 

മുതലയെ ബന്ദിയാക്കാനുള്ള തന്ത്രം നടപ്പാക്കിയ അവര്‍ വനം വകുപ്പ് കണ്‍സര്‍വേറ്ററെ വിവരം അറിയിച്ചു. അന്‍പതിനായിരം രൂപ തന്നാലേ മുതലയെ വിട്ടയക്കൂ എന്നായിരുന്നു ഡിമാന്‍ഡ്.

മുതല സംരക്ഷിത ജീവിയാണെന്നും അതിനെ പിടിച്ചുവയ്ക്കുന്നത് കുറ്റകരമാണെന്നും ഗ്രാമീണരെ ബോധ്യപ്പെടുത്താന്‍ മണിക്കൂറുകളെടുത്തെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ അനില്‍ പട്ടേല്‍ പറഞ്ഞു. എന്തു പറഞ്ഞിട്ടും ഗ്രാമീണര്‍ വഴങ്ങാതായപ്പോള്‍ ഒടുവില്‍ പൊലീസിനെ ഇടപെടുവിച്ചു. ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് പറഞ്ഞു മനസ്സിലാക്കി. അജ്ഞതയാണ് ഗ്രാമീണരെക്കൊണ്ട് ഇതു ചെയ്യിച്ചതെന്ന് പട്ടേല്‍ പറഞ്ഞു.

ഗ്രാമീണരുടെ തടങ്കലില്‍നിന്നു മോചിപ്പിച്ച മുതലയെ ഘാഗ്ര നദിയില്‍ തുറന്നുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com