ഭർത്താവ് ആത്മഹത്യ ചെയ്തു; രണ്ടാം ദിവസം ഷോപ്പിങ് മാളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി യുവതി; ​ഗുരുതരം (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th September 2020 05:46 PM  |  

Last Updated: 12th September 2020 05:46 PM  |   A+A-   |  

 

ഭോപ്പാൽ: ഭർത്താവ് മരിച്ച് രണ്ടാം ദിവസം ഷോപ്പിങ് മാളിലെത്തി എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതിയുടെ ആത്മഹത്യാശ്രമം. ഫരീദാബാദ് സ്വദേശിനി സാനിയ ഖണ്ഡേൽവാലാണ് ഇൻഡോറിലെ സി21 മാളിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. പിതാവിനൊപ്പം മാളിലെത്തിയ യുവതി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഉജ്ജയിനിൽ കോൺട്രാക്ടറായ ശുഭവും എംബിബിഎസ് വിദ്യാർഥിനിയുമായ സാനിയയും 15 ദിവസം മുമ്പാണ് വിവാഹിതരായത്. ഉജ്ജയിനിൽ എംബിബിഎസ് പഠനത്തിനെത്തിയ സാനിയയും ശുഭവും പ്രണയത്തിലാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. 

രണ്ട് ദിവസം മുമ്പാണ് സാനിയയുടെ ഭർത്താവ് ശുഭം ഖണ്ഡേൽവാൽ മരിച്ചത്. ബുധനാഴ്ച രാത്രി ശുഭം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ശുഭം വിഷം കഴിച്ചാണ് വാഹനമോടിച്ചതെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും പിന്നീട് കണ്ടെത്തി. 

വാഹനത്തിൽ നിന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ആഭ്യന്തര മന്ത്രി നരോട്ടാം മിശ്രയ്ക്കും എഴുതിയ രണ്ട് ആത്മഹത്യാ കുറിപ്പുകളും കിട്ടി. താൻ ആത്മഹത്യ ചെയ്യുകയാണെന്നും അതിന് കാരണം ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനിലെ രണ്ട് സബ് എൻജിനീയർമാരാണെന്നും കുറിപ്പിലുണ്ടായിരുന്നു.

ശുഭം മരിച്ചതോടെ സാനിയയുടെ പിതാവ് മകളെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകാനെത്തി. കഴിഞ്ഞ ദിവസം ഇരുവരും ഉജ്ജയിനിൽ നിന്ന് ഇൻഡോറിലെത്തുകയും അവിടെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. രാവിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും സി21 ഷോപ്പിങ് മാളിൽ കയറിയത്.

ജ്യൂസ് കുടിക്കണമെന്ന് മകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മാളിൽ വന്നതെന്ന് പിതാവ് പറഞ്ഞു. എന്നാൽ മൂന്നാം നിലയിലേക്ക് കയറിയ യുവതി അല്പനേരം കൈവരിക്ക് സമീപം നിന്ന ശേഷം താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ജീവനക്കാരും പിതാവും യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. യുവതി മൂന്നാം നിലയിൽ നിന്ന് ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യുവതിയുടെ ഹാൻഡ്ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഭർത്താവിനൊപ്പം തന്റെ അന്ത്യകർമ്മങ്ങളും നടത്തണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 

അതേസമയം, യുവതിയുടെ ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മുനിസിപൽ കോർപറേഷനിൽ നിന്ന് കോൺട്രാക്ടറായ ശുഭത്തിന് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും 13 ലക്ഷം രൂപ എൻജിനീയർമാർ തടഞ്ഞുവെച്ചെന്നാണ് ശുഭം ആരോപിച്ചതെന്നും പൊലീസ് പറഞ്ഞു.

ശുഭത്തിനെതിരേ ആരോപണവിധേയരായ എൻജിനീയർമാരും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ശുഭം ഇരുവരുടെയും കാറുകൾ തകർത്തെന്നും വീടിന് കല്ലെറിഞ്ഞെന്നുമായിരുന്നു പരാതി.