മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ബിജെപി പ്രവർത്തകന്റെ മൃത​ദേഹം; തൃണമൂലുകാർ കൊലപ്പെടുത്തി എന്ന് ആരോപണം

മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ബിജെപി പ്രവർത്തകന്റെ മൃത​ദേഹം; തൃണമൂലുകാർ കൊലപ്പെടുത്തി എന്ന് ആരോപണം
മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ബിജെപി പ്രവർത്തകന്റെ മൃത​ദേഹം; തൃണമൂലുകാർ കൊലപ്പെടുത്തി എന്ന് ആരോപണം

കൊൽക്കത്ത: ബംഗാളിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. എന്നാൽ മരണം കൊലപാതകമാണെന്നും പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചു. മരണത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. 

ഗണേഷ് റോയ് എന്ന ബിജെപി പ്രവർത്തകന്റെ മൃതദേഹമാണ് ഞായറാഴ്ച മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ശനിയാഴ്ച വൈകീട്ട് മുതൽ ഗണേഷിനെ കാണാനില്ലായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. തൃണമൂൽ പ്രവർത്തകർ കൊലപ്പെടുത്തി എന്നാണ് ഗണേഷിന്റെ കുടുംബം ആരോപിക്കുന്നത്. തൃണമൂൽ പ്രവർത്തകർ ഗണേഷിനെയും തങ്ങളെയും നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു.

ഗോഹത്തിലെ പ്രധാന റോഡുകൾ ബിജെപി പ്രവർത്തകർ ഉപരോധിച്ചു. സംഭവത്തെ തുടർന്ന് വൻ പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, മരണത്തെ സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഗണേഷ് റോയിയുടെ മരണത്തിൽ ബംഗാൾ സർക്കാരിനെയും തൃണമൂൽ കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. വീണ്ടും ജനാധിപത്യത്തെ കൊന്നുകളഞ്ഞു എന്നായിരുന്നു ബിജെപി ബംഗാൾ ഘടകത്തിന്റെ ട്വീറ്റ്. മൃതദേഹം തൂങ്ങി നിൽക്കുന്ന ദൃശ്യങ്ങളും ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ടു. 

സംഭവം കൊലപാതകമാണെന്നും തൃണമൂൽ പ്രവർത്തകരാണ് ഇതിലെ പ്രതികളെന്നും ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു. പാർട്ടി പ്രവർത്തകരിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് മൃതദേഹം ഇത്തരത്തിൽ ഉപേക്ഷിച്ചതെന്നും ബിജെപിക്കാരെ കെട്ടിത്തൂക്കി കൊല്ലുന്നത് ബംഗാളിലെ പുതിയ പ്രവണതയാണെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com