ഒമ്പതു വിവാഹം, നല്ല സ്ത്രീയെക്കുറിച്ച് പുസ്തകം എഴുതാനുള്ള ഒരുക്കത്തില്‍ ; ലൈംഗിക വേട്ടക്കാരന്‍ 'ലവ് ഗുരു'വിനെ പൂട്ടി പൊലീസ്

സ്വകാര്യ അധ്യാപകനായി ജോലി ചെയ്ത ത്രിവേദി നിരവധി പേരെയാണ് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്
ഒമ്പതു വിവാഹം, നല്ല സ്ത്രീയെക്കുറിച്ച് പുസ്തകം എഴുതാനുള്ള ഒരുക്കത്തില്‍ ; ലൈംഗിക വേട്ടക്കാരന്‍ 'ലവ് ഗുരു'വിനെ പൂട്ടി പൊലീസ്

അഹമ്മദാബാദ് : നിരവധി പീഡനക്കേസുകളിലെ പ്രതിയും, വിവാഹത്തട്ടിപ്പുവീരനുമായ ആള്‍ ഒടുവില്‍ പൊലീസ് വലയിലായി. ലവ് ഗുരു എന്ന് അറിയപ്പെട്ടിരുന്ന ധവാല്‍ ത്രിവേദി എന്ന 50 കാരനാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് പൊലീസിന്റെ വലയിലായത്. ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയിലെ ബദ്ദിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

സ്വകാര്യ അധ്യാപകനായി ജോലി ചെയ്ത ത്രിവേദി നിരവധി പേരെയാണ് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. നിരവധി സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും വരെ ഇയാള്‍ക്ക് ഇരകളായി. കൗമാരക്കാരികള്‍ ഉള്‍പ്പെടെ ഒമ്പതു സ്ത്രീകളെ വിവാഹം കഴിച്ചും ഇയാള്‍ വഞ്ചിച്ചു. 

2018 ഓഗസ്റ്റ് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ സിബിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിഖുകാരനായി വേഷമിട്ട് സിഖ് ഗുരുദ്വാരകളിലാണ് ഒളിവില്‍ താമസിച്ചിരുന്നതെന്ന് ത്രിവേദി പൊലീസിനോട് വെളിപ്പെടുത്തി. യാത്രയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാന്‍ റെയില്‍വേ വെയ്റ്റിംഗ് ഹാളുകളില്‍ തങ്ങിയിരുന്നുവെന്നും ത്രിവേദി പറഞ്ഞു. 

മഹാരാഷ്ട്രയിലെ താനെയില്‍ ഫിലോസഫി പ്രൊഫസറുടെ മകനായി  ജനിച്ച ധവാല്‍ ത്രിവേദി, എംഎ ഇംഗ്ലീഷ് ബിരുദധാരിയാണ്. വിവിധ സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപകനായിരിക്കെയായിരുന്നു ലൈംഗിക ചൂഷണം നടത്തിയിരുന്നത്. ത്രിവേദി അവസാനം വിവാഹം കഴിച്ച യുവതി കഴിഞ്ഞയിടെ സ്വന്തം അച്ഛനെ വിളിച്ചിരുന്നു. ഇതറിഞ്ഞ പൊലീസും സിബിഐയും നടത്തിയ അന്വേഷണത്തില്‍ കോള്‍ പോയത് യുപിയില്‍ നിന്നാണെന്ന് കണ്ടെത്തി. അന്വേഷണസംഘം ഉടന്‍ യുപിയിലെത്തിയെങ്കിലും ത്രിവേദി ഇതിനകം ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. 

തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിദ്യാലയങ്ങളിലടക്കം ധവാല്‍ ത്രിവേദിയുടെ ഫോട്ടോ അടക്കം നല്‍കി നടത്തിയ തിരിച്ചിലിലാണ് ഇയാള്‍ കുടുങ്ങിയത്. തന്റെ ജീവിതത്തിലെ പത്തുവനിതകള്‍ എന്നപേരില്‍ പുസ്തകം രചിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് ധവാല്‍ ത്രിവേദി പൊലീസിനോട് പറഞ്ഞു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജ്‌കോട്ട് കോടതി ത്രിവേദിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസില്‍ ശിക്ഷ അനുഭവിക്കവെ പരാളിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് കേസ് ഗുജറാത്ത് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com