ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഈ മാസം 30 ന് ; എല്ലാ പ്രതികളും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30 ന് കോടതി വിധി പറയും. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക. വിധി പുറപ്പെടുവിക്കുന്ന ദിവസം എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. 

മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അഡ്വാനി, മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്, ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി റിതംബര, രാം വിലാസ് വേദാന്തി, മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങി 32 പേരാണ് കേസിലെ പ്രതികള്‍. എല്ലാദിവസവും വിചാരണ നടത്തി ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. 

അഡ്വാനി, മുരളി മനോഹർ ജോഷി
അഡ്വാനി, മുരളി മനോഹർ ജോഷി

എന്നാല്‍ വിചാരണ അന്തിമഘട്ടത്തിലാണെന്നും, ലോക്ഡൗണ്‍ അടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്തംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാന്‍ സമയം നീട്ടിനല്‍കുകയായിരുന്നു.

1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്. 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റം. അഡ്വാനിയും മുരളിമനോഹർ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കിയിരുന്നു. എല്ലാ കുറ്റങ്ങളും അഡ്വാനിയും ജോഷിയും നിഷേധിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com