പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതി; രണ്ട് ടാങ്കുകള്‍ നിറയെ സ്‌ഫോടക വസ്തുക്കള്‍; കൃത്യസമയത്ത് സൈന്യത്തിന്റെ ഇടപെടല്‍

ജമ്മു കശ്മീരിലെ ഗഡികലില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി സൈന്യം.
പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതി; രണ്ട് ടാങ്കുകള്‍ നിറയെ സ്‌ഫോടക വസ്തുക്കള്‍; കൃത്യസമയത്ത് സൈന്യത്തിന്റെ ഇടപെടല്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഗഡികലില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി സൈന്യം. ബുധനാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. പുല്‍വാമ ആക്രമണത്തിന് സമാനമായ പദ്ധതിയാണ് ഭീകകര്‍ തയ്യാറാക്കിയിരുന്നതെന്നും കൃത്യസമയത്ത് കണ്ടെത്താന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തിയത്. ഒരു തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ട സിന്തറ്റിക് ടാങ്ക് സംശയത്തെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 416 പാക്കറ്റ് സ്‌ഫോടകവസ്തുക്കളാണ് ഇതില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമാനമായ മറ്റൊരു ടാങ്കില്‍ 50 ഡിറ്റണേറ്ററുകളും കണ്ടെത്തി. സൂപ്പര്‍ 50 എന്നു വിശേഷിപ്പിക്കുന്ന സ്‌ഫോടവസ്തുക്കളാണ് ഇവയെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. 

പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കിലോ മീറ്റര്‍ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം. 

2019 ഫെബ്രുവരിയിലാണ് 40 സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം വന്നിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 35 കിലോഗ്രാം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മൊഹമ്മദ് ഭീകരസംഘത്തിലെ മസൂദ് അസ്ഹറും സഹോദരന്‍ റൗഫ് അസ്ഗറുമാണ് സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരന്മാര്‍ എന്ന് കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com