മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍; ഒരാഴ്ച നീളുന്ന സേവാ സപ്താഹവുമായി ബിജെപി

മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍; ഒരാഴ്ച നീളുന്ന സേവാ സപ്താഹവുമായി ബിജെപി
മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍; ഒരാഴ്ച നീളുന്ന സേവാ സപ്താഹവുമായി ബിജെപി

ന്യൂഡല്‍ഹി: 70ാം  പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മന്ത്രിമാര്‍, ബിജെപി നേതാക്കള്‍, കോണ്‍ഗ്രസ് അടക്കമുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. വിദേശ രാജ്യ തലവന്‍മാരും സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു. 

തന്റെ ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുലിന്റെ ആശംസ. 'പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു.

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വുസുന്ധര രാജ സിന്ധ്യ, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര മന്ത്രി ജതേന്ദ്ര സിങ് തോമര്‍ തുടങ്ങിയ പ്രമുഖരും ആശംസകള്‍ നേര്‍ന്നു. ​ഗായിക ലതാ മങ്കേഷ്കർ, നടി കങ്കണ റണാവത്ത് അക്കമുള്ള പ്രമുഖരും ആശംസകൾ നേർന്നിട്ടുണ്ട്. 

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവന പരിപാടികള്‍ (സേവാ സപ്താഹം) സംഘടിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ബിജെപി ആഘോഷിക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ ബിജെപിയുടെ സേവാ സപ്താഹം ഞായറാഴ്ച വരെ നീളും. 

ഒരാഴ്ച ജന സേവനം ലക്ഷ്യമാക്കി വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടി ദേശീയ നേതൃത്വം പ്രവര്‍ത്തരോടു നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും 70 താലൂക്കുകളിലെ ശാരീരിക വെല്ലുവിളി നേരിടുന്ന 70 പേര്‍ക്ക് സഹായമെത്തിക്കുക, ഓരോ ബ്ലോക്കിലെയും 70 പേര്‍ക്ക് കണ്ണട നല്‍കുക, 70 സ്ഥാപനങ്ങള്‍ ശുചീകരിക്കുക, കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ മരുന്നു വിതരണം, രക്ത ദാനം തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം ഡല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്. സൂറത്തില്‍ 70,000 വൃക്ഷത്തൈകള്‍ നട്ടാണ് ജന്മദിനാഘോഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com