അടുത്ത വര്‍ഷം പകുതിയോടെ സാധാരണ നിലയിലാകാന്‍ സാധ്യത; വാക്‌സിന്‍ വരാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്ന് എയിംസ്

കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്റെ രണ്ടാം ഘട്ടം പരീക്ഷണം തുടങ്ങി
അടുത്ത വര്‍ഷം പകുതിയോടെ സാധാരണ നിലയിലാകാന്‍ സാധ്യത; വാക്‌സിന്‍ വരാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്ന് എയിംസ്

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്റെ രണ്ടാം ഘട്ടം പരീക്ഷണം തുടങ്ങി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയുടെ വാക്‌സിന്‍ അടുത്ത വര്‍ഷം പകുതിയോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് അറിയിച്ചു.

വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് 600 പേരെയാണ് തെരഞ്ഞെടുത്തത്. അടുത്ത വര്‍ഷം പകുതി വരെ ലോകമൊട്ടാകെ ഫലപ്രദമായ വാക്‌സിന്‍ ലഭ്യമാകുമെന്ന് കരുതുന്നില്ലെന്ന് എയിംസിലെ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ സഞ്ജയ് റായ് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം പകുതിയോടെ കാര്യങ്ങള്‍ സാധാരണനിലയില്‍ ആകാന്‍ സാധ്യതയുണ്ട്. വാക്‌സിന്‍ വന്നാലും ഇല്ലെങ്കിലും കാര്യങ്ങള്‍ സാധാരണ നിലയില്‍ ആകുമെന്നാണ് കരുതുന്നതെന്നും സഞ്ജയ് റായ് പറഞ്ഞു.

വാക്‌സിന്‍ വരുന്നത് വരെ കോവിഡിനെതിരെയുളള പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും ശരിയായ രീതിയില്‍ പാലിക്കണം. മാസ്‌ക് ധരിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

പരിശോധന യുക്തിസഹമായിരിക്കണം. രോഗലക്ഷണം ഉളളവരില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. സാമൂഹിക വ്യാപനം സംഭവിച്ചാല്‍ പരിശോധന രീതി മാറ്റണം. രോഗികളെ നിരീക്ഷണത്തിലാക്കുന്നതിന് അപ്പുറം മരണനിരക്ക് കുറയ്ക്കാനാകണം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും സഞ്ജയ് റായ് പറഞ്ഞു.

ഏപ്രില്‍-മെയ് മാസത്തില്‍ നടത്തിയ ഐസിഎംആറിന്റെ സിറോ സര്‍വ്വേയില്‍ 18 വയസ്സിന് മുകളിലുളള 64 ലക്ഷം പേര്‍ക്ക് വൈറസ് ബാധ ഉണ്ടായതായി കണ്ടെത്തി. അണുബാധയുടെ ദിശ മാത്രമാണ് ഇതിലൂടെ അറിയാന്‍ സാധിക്കുകയുളളൂ. പരിശോധനയിലൂടെ മാത്രമേ യഥാര്‍ത്ഥ കണക്കുകള്‍ ലഭിക്കുകയുളളൂവെന്നും സഞ്ജയ് റായ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com