ഡല്‍ഹിയില്‍ ഒക്ടോബര്‍ 5 വരെ സ്‌കൂള്‍ തുറക്കില്ല

ഡല്‍ഹിയില്‍ ഒക്ടോബര്‍ 5 വരെ സ്‌കൂള്‍ തുറക്കില്ല

ഒക്ടോബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ല.

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളും മറ്റ് പഠന പ്രവര്‍ത്തനങ്ങളും പതിവുപോലെ തുടരുമെന്നും ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്‍ അറിയിച്ചു.

സപ്തംബര്‍ 21 മുതല്‍ ഭാഗികമായി സ്‌കൂള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒന്‍പതാം ക്ലാസുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നടത്താനാണ് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുളള സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് അനുമതി. ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാം. സ്‌കൂളുകളില്‍ സാമൂഹ്യ അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമുകളിലും വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ശാരീരിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം. സ്റ്റാഫ് റൂമുകള്‍, ഓഫീസ് മുറികള്‍, ലൈബ്രറി, കാന്റീന്‍ എന്നിവടങ്ങളിലും ശാരീരിക അകലം പാലിക്കണം. കുറഞ്ഞത് ആറടി അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ഥികള്‍ അടക്കമുള്ള എല്ലാവരും കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാനിറ്റൈസര്‍ ഉപയോഗിക്കാവുന്നതാണ. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ കര്‍ച്ചീഫ് തീര്‍ച്ചയായും ഉപയോഗിച്ചിരിക്കണം. ഇതിനായി ടിഷ്യു ഉപയോഗിക്കാവുന്നതാണ്. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പൊതുസ്ഥലത്ത് ഒരു കാരണവശാലും തുപ്പാന്‍ പാടുള്ളതല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com