കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്നു, കോണ്‍ഗ്രസ് രാഷ്ട്രീയത്തെ സൂക്ഷിക്കുക; വിമര്‍ശനവുമായി മോദി 

കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്നു, കോണ്‍ഗ്രസ് രാഷ്ട്രീയത്തെ സൂക്ഷിക്കുക; വിമര്‍ശനവുമായി മോദി 

ന്യൂഡല്‍ഹി: കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെ സ്വാഗതം ചെയ്ത മോദി, ഇടനിലക്കാരില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്ന പരിഷ്‌കരണ നടപടിയെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

കോസി നദിക്ക് കുറുകെ നിര്‍മ്മിച്ച റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി. ഇടനിലക്കാരുടെ ശല്യം ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിനുളള അവസരമാണ് കാര്‍ഷിക ബില്ലുകളിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഇത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. ബില്ലുകളിലൂടെ കാര്‍ഷിക രംഗത്ത് കര്‍ഷകര്‍ക്ക്  സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിരവധി അവസരങ്ങളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. ബില്‍ പാസാക്കിയതിന് എല്ലാവരെയും അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

ഇടനിലക്കാരുടെ ഇടപെടലില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവര്‍ കര്‍ഷകരെ ശക്തിപ്പെടുത്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അവരുടെ രാഷ്ട്രീയത്തെ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു. കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെയും മുന്നണിയിലെ ഘടകകക്ഷികളുടെയും പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകള്‍. കഴിഞ്ഞ ദിവസം ബില്ലുകളുമായി മുന്നോട്ടുപോകാനുളള ബിജെപിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ പ്രതിനിധിയായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com