ഗല്‍വാന്‍ ഏറ്റുമുട്ടല്‍; ചൈനീസ് സേനയ്ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല; ഇന്ത്യയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് ചൈന

ഗല്‍വാന്‍ ഏറ്റുമുട്ടല്‍; ചൈനീസ് സേനയ്ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല; ഇന്ത്യയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് ചൈന
ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിയന്‍
ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിയന്‍

ബെയ്ജിങ്: ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ നാശനഷ്ടവും സൈനിക നഷ്ടവും ഇന്ത്യക്കാണ് നേരിടേണ്ടി വന്നതെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിയന്‍ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അവകാശപ്പെട്ടത്. 

ജൂണില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. തിരിച്ചടി നല്‍കിയതായും ചൈനീസ് സൈനികരില്‍ വ്യാപകമായ നാശ നഷ്ടങ്ങള്‍ തീര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചതായും അന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഇക്കാര്യം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗ്ലോബല്‍ ടൈംസ് എഡിറ്ററുടെ ട്വിറ്റര്‍ കുറിപ്പ്.

ജൂണിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ താഴെ ചൈനീസ് പട്ടാളക്കാര്‍ക്ക് മാത്രമേ ഏറ്റുമുട്ടലില്‍ മരണം സംഭവിച്ചിട്ടുള്ളു. ഒരു ചൈനീസ് സൈനികനേയും ഇന്ത്യന്‍ സൈന്യത്തിന് പിടിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തില്‍ പലരേയും ചൈന പിടികൂടുകയും ചെയ്‌തെന്നും എഡിറ്റര്‍ തന്റെ കുറിപ്പില്‍ അവകാശപ്പെടുന്നു.  

ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയില്‍ കനത്ത നാശനഷ്ടം വിതച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹു ഷിജിയന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്‌നാഥ് സിങിനെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഈ സ്‌ക്രീന്‍ ഷോട്ടിനൊപ്പം എഡിറ്റര്‍ കുറിച്ചു. എന്നാല്‍ തങ്ങള്‍ക്ക് സംഭവിച്ച സൈനിക നഷ്ടത്തിന്റെയും മറ്റും കണക്കുകള്‍ ചൈന ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതിര്‍ത്തിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രതിരോധ മന്ത്രി ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നത് ചൈനീസ് ഭാഗത്ത് നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com