മുസ്ലിംകള്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നാല്‍ ഐഎസ്; ഇത്തരം വിദ്വേഷ പ്രചാരണം അനുവദിക്കാനാവില്ല: സുപ്രീം കോടതി

മുസ്ലിംകള്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നാല്‍ ഐഎസ്; ഇത്തരം വിദ്വേഷ പ്രചാരണം അനുവദിക്കാനാവില്ല: സുപ്രീം കോടതി
മുസ്ലിംകള്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നാല്‍ ഐഎസ്; ഇത്തരം വിദ്വേഷ പ്രചാരണം അനുവദിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു സമുദായത്തെ ഒന്നാകെ ആക്രമിക്കാന്‍ മാധ്യമങ്ങളെ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. സമുദായത്തിനെതിരെ മൊത്തത്തില്‍ വിദ്വേഷ പ്രചാരണം നടത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

സുദര്‍ശന്‍ ടിവിയുടെ ബിന്ദാസ് ബോല്‍ പരിപാടി സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. മുസ്ലിംകള്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് 'നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്' പുറത്തുകൊണ്ടുവരും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് പരിപാടിയുടെ പ്രൊമോ പുറത്തിറക്കിയത്.

''വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാം, അതിന്റെ പേരില്‍ സമുദായത്തെ താറടിക്കുന്നത് അനുവദിക്കാനാവില്ല. അവരെ ഒറ്റപ്പെടുത്തുന്നതും അനുവദനീയമല്ല.'' കോടതി അഭിപ്രായപ്പെട്ടു.

''അവര്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ ഐഎസ് എന്നാണു കാണുന്നത്. മുസ്ലിംകള്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത് വലിയ ഗൂഢാലോചനയാണെന്നാണ് നിങ്ങള്‍ പറയുന്നത്. അതാണ് പ്രശ്‌നം. ഇത്തരത്തില്‍ ഒരു സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അനുവദിക്കാനാവുമോ? ''- ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

എല്ലാവരും അജന്‍ഡയുടെ ഭാഗമാണ് എന്നു പറയുന്നത് വിദ്വേഷ പ്രചാരണമാണെന്ന് കോടതി പറഞ്ഞു. അഭിപ്രായ പ്രകടനം ഇവിടെ വിദ്വേഷ പ്രചാരണമായി മാറുകയാണ്. ഒരു സമുദായത്തിലെ എല്ലാവരെയും നിങ്ങള്‍ക്കു താറടിച്ചു കാണിക്കാനാവില്ല. ഭീകര സംഘടനകളുടെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനത്തെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്നതില്‍ കോടതിക്ക് എതിര്‍പ്പില്ല. അത് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനമാണ്. എന്നാല്‍ എല്ലാ മുസ്ലിംകളും യുപിഎസിയിലേക്ക് ഈ അജന്‍ഡയുമാണ് എത്തുന്നത് എന്നു പറയാനാവില്ല- കോടതി വ്യക്തമാക്കി.

കേസില്‍ തിങ്കളാഴ്ച തുടര്‍ വാദം കേള്‍ക്കും. അതുവരെ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com