രാജ്യത്ത് കൂടുതല്‍ കോവിഡ് ബാധിതര്‍ ദക്ഷിണേന്ത്യയില്‍ ; മരണം അധികവും പടിഞ്ഞാറന്‍ മേഖലയില്‍, പുതിയ കണക്കുകള്‍

മരണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു
രാജ്യത്ത് കൂടുതല്‍ കോവിഡ് ബാധിതര്‍ ദക്ഷിണേന്ത്യയില്‍ ; മരണം അധികവും പടിഞ്ഞാറന്‍ മേഖലയില്‍, പുതിയ കണക്കുകള്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ദക്ഷിണേന്ത്യയിലെന്ന് കണക്കുകള്‍. 37.19 ശതമാനമാണ് ദക്ഷിണേന്ത്യയിലെ കോവിഡ് ബാധിതര്‍. അതേസമയം കോവിഡ് മരണ നിരക്കില്‍ പശ്ചിമ മേഖലയാണ് മുന്നിലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ആന്ധ്രപ്രദേശിലാണ്. 5,92,760 പേര്‍. തമിഴ്‌നാട്ടില്‍ 5,19,860 കോവിഡ് ബാധിതരാണുള്ളത്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമാണ്. മരണ നിരക്കാകട്ടെ 1.6 ശതമാനവും രോഗമുക്തി നിരക്ക് 79 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ അഞ്ചുമേഖലകളാക്കി തിരിച്ചാണ് കണക്കെടുത്തത്. വടക്കന്‍ മേഖലയില്‍ യുപി, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ്, ലഡാക്ക് എന്നി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് ഉള്‍പ്പെട്ടത്. തെക്കന്‍ മേഖലയില്‍ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, കേരളം , പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവയും പടിഞ്ഞാറന്‍ മേഖലയില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഗോവ, ദാദ്ര നഗര്‍ഹവേലി, ഡാമന്‍ഡിയു എന്നിവയും ഉള്‍പ്പെടുന്നു.

കിഴക്കന്‍ മേഖലയില്‍ പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, അസം, സിക്കിം, മണിപ്പൂര്‍, ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഒഡീഷ സംസ്ഥാനങ്ങളും മധ്യമേഖലയില്‍ മധ്യപ്രദേശ്, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളെയുമാണ് ഉള്‍പ്പെടുത്തിയത്. ദക്ഷിണമേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 37.19 ശതമാനമാണ്. പടിഞ്ഞാറന്‍ മേഖലയില്‍ 26.85 ശതമാനവും വടക്കന്‍ മേഖലയില്‍ 16.91 ശതമാനവും കിഴക്കന്‍ മേഖലയില്‍ 15.74 ശതമാനവും മധ്യമേഖലയില്‍ 3.31 ശതമാനവുമാണ്. 

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ പടിഞ്ഞാറന്‍ മേഖലയാണ് മുന്നില്‍. 11.41 ശതമാനമാണ് ഇവിടെ നിരക്ക്. രണ്ടാമതുള്ള ദക്ഷിണ മേഖലയില്‍ 9.71 ശതമാവും. ഏറ്റവും കുറവ് കിഴക്കന്‍ മേഖലയിലും 5.11 ശതമാനവും. കോവിഡ് മരണ നിരക്കിലും പടിഞ്ഞാറന്‍ മേഖലയാണ് ഒന്നാമത്. 2.60 ശതമാനമാണ് നിരക്ക്. രണ്ടാമതുള്ള വടക്കന്‍ മേഖലയില്‍ 1.71 ശതമാനമാണ്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യ പട്ടികയില്‍ നാലാമതാണ്. 1.22 ശതമാനമാണ് ദക്ഷിണ മേഖലയിലെ മരണ നിരക്ക്. മരണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com