'ലൗ ജിഹാദ്'; മതപരിവര്‍ത്തനം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

ലൗ ജിഹാദിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍
'ലൗ ജിഹാദ്'; മതപരിവര്‍ത്തനം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

ലക്‌നൗ: ലൗ ജിഹാദിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. അടുത്തിടെ മതപരിവര്‍ത്തനം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം.

ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനാവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സമാന വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങളും ചട്ടങ്ങളും പഠിച്ചുവരികയാണ്. കൂടാതെ മതപരിവര്‍ത്തനം തടയുന്നതിന് പുതിയ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകളും നടക്കുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

നിലവില്‍ എട്ടു സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിന് നിയമമുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് നിലനില്‍ക്കുന്നത്. ഒഡീഷയാണ് ഇത്തരത്തിലുളള ഒരു നിയമം ആദ്യമായി കൊണ്ടുവന്നത്. 

അടുത്തിടെ ലൗ ജിഹാദ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കാന്‍പൂര്‍ ജില്ലയില്‍ മാത്രം 11 കേസുകളാണ് അന്വേഷണ ഘട്ടത്തില്‍ നില്‍ക്കുന്നത്. ലക്‌നൗവില്‍ രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും മതപരിവര്‍ത്തനം ഒരു പ്രശ്‌നമായി ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com