വിലക്ക് നീങ്ങി; എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് സര്‍വീസുകള്‍ മുടങ്ങില്ല

സര്‍വീസുകള്‍ സെപ്റ്റംബര്‍ 19 മുതല്‍ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു
വിലക്ക് നീങ്ങി; എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് സര്‍വീസുകള്‍ മുടങ്ങില്ല

ന്യൂഡൽഹി: ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 19 മുതല്‍ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

കോവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചതിന്റെ പേരിലാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ 15 ദിവസത്തെ വിലക്കേർപ്പെടുത്തിയത്.രണ്ട് വ്യത്യസ്ത വിമാനങ്ങളില്‍ രണ്ട് യാത്രക്കാര്‍ കോവിഡ് പരിശോധനാഫലം പോസിറ്റീവായിട്ടും ദുബായിലേക്ക് സഞ്ചരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്. വെള്ളിയാഴ്ച മുതൽ ഒക്ടോബർ രണ്ടുവരെ 15 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരുന്നത്. 

ഡൽഹി, ജയ്പൂർ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ് അധികൃതർക്ക് വിശദീകരണം നൽകിയിരുന്നു. ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് റദ്ദാക്കിയത്.

യുഎഇയിൽ എത്തുന്നവർ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.  യാത്രചെയ്യുന്നതിന് 96 മണിക്കൂറിനകം നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നാണ് നിർദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com